പഞ്ച്കുല(ഹരിയാന): ബലാത്സംഗകേസില്‍ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്നു കോടതി വിധിച്ചതിനു പിന്നാലെ ഹരിയാനയിലും പഞ്ചാബിലും ഡല്‍ഹിയിലും വ്യാപക അക്രമം. 128 സ്ഥലങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 300 ഓളം പേര്‍ക്കു പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് രണ്ട് സംസ്ഥാനങ്ങളിലും രണ്ടുദിവസത്തേക്ക് കര്‍ഫ്യു പ്രഖ്യാപിച്ചു. കലാപത്തിനു സമാനമായ സംഭവങ്ങളാണ് കോടതി വിധിക്ക് പിന്നാലെ ഇരുസംസ്ഥാനങ്ങളിലും ഉടലെടുത്തിരിക്കുന്നത്. മാദ്ധ്യമ പ്രവര്‍ത്തകരുടെ ഓഫിസുകളും വാഹനങ്ങളും ഉപകരണങ്ങളും തകര്‍ത്തു. അക്രമാസക്തരായ ഗുര്‍മീതിന്റെ അനുയായികള്‍ റെയില്‍വേ സ്റ്റേഷനുകളും പൊലീസ് സ്റ്റേഷനുകളും പെട്രോള്‍ പമ്പുകളും ആക്രമിച്ചു. ആക്രമണത്തില്‍ നിരവധി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് ഒ.ബി വാനുകള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്.
ഹരിയാനയിലെ ആനന്ദ വിഹാറില്‍ ട്രെയിനിന് തീയിട്ടു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ചിലയിടങ്ങളില്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു ദിവസം മുമ്പ് തന്നെ ആയിരക്കണക്കിന് അനുയായികള്‍ ആക്രമണത്തിന് സന്നദ്ധമായി എത്തിയിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിട്ടുള്ളത്. ഗുര്‍മീത് കുറ്റക്കാരനെന്ന് വിധിച്ച പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി ഇയാളുടെ 60,000 അനുയായികള്‍ വളഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ കോടതി പരിസരത്ത് സൈന്യം വീണ്ടും ഫ്ളാഗ് മാര്‍ച്ച് നടത്തിയിരുന്നു. കലാപത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതയ്ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഡല്‍ഹിയിലെ രണ്ടു ട്രെയിനുകള്‍ക്ക്് നേരെ അക്രമവും തീവെപ്പും നടന്നു. പത്തിടങ്ങളില്‍ അക്രമം നടക്കുകയാണ്. കേന്ദ്ര മന്ത്രി രാജ് നാഥ് സിങ് ഹരിയാന, പഞ്ചാബ് മുഖ്യമന്ത്രിമാരെ വിളിച്ച് സംസാരിച്ചു. കൊല്ലപ്പെട്ടവരെല്ലാം ദേരാ സച്ചാ സൗദാ പ്രവര്‍ത്തകരാണ്. സംഭവത്തില്‍ പ്രധാന മന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി. ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ റോഡുകളും അടച്ചു. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ സംസ്ഥാനം ഒരുക്കാത്തതാണ് അക്രമത്തിന് വഴിയൊരുങ്ങിയതെന്നാണ് പരക്കെയുള്ള ആരോപണം.