
കാസർകോട്: സ്കൂൾ സ്വാതന്ത്ര്യദിന പരിപാടിയിൽ ബാങ്ക് അധികൃതർ വേദി പങ്കിട്ട വാർത്ത പ്രസിദ്ധീകരിച്ച ചാനൽ ആർ.ബിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിന് പരാതി. വാർത്തയിലൂടെ ബാങ്കിനെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് കുറ്റിക്കോൽ സർവീസ് സഹകരണ ബാങ്ക് അധികൃതരാണ് പോലീസിൽ പരാതി നൽകിയത്. ഇക്കഴിഞ്ഞ ഓഗസ്ത് 15 ന് കുറ്റിക്കോൽ എ.യൂ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത സ്വാതന്ത്ര്യദിന പരിപാടിയുടെ യോഗനടപടികൾ നടന്നുകൊണ്ടിരിക്കെ ചട്ടങ്ങൾ ലംഘിച്ച് വേദിയിൽ കയറി മുൻനിര കസേരയിൽ ഇരുന്നതും വിദ്യാർത്ഥികൾക്ക് സേവിങ് അകൗണ്ട് പദ്ധതി നടപ്പിലാക്കിയതും ചാനൽ ആർ.ബി വാർത്ത നൽകിയിരുന്നു. ഗുരുതരമായ ‘പ്രോട്ടോകോൾ’ ലംഘനമാണ് ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സ്വാതന്ത്ര്യദിന പരിപാടിയിൽ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നിരിക്കെ അത് ലംഘിച്ചുകൊണ്ട് ബാങ്ക് അധികൃതർ വേദി പങ്കിട്ട സത്യസന്ധമായ വാർത്ത ചാനൽ ആർ.ബി പ്രസിദ്ധപ്പെടുത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് അകൗണ്ട് തുടങ്ങി പണം സ്വീകരിക്കുന്ന പദ്ധതിക്കെതിരെ വാർത്തയിൽ എതിരഭിപ്രായം പറഞ്ഞിട്ടില്ല.

ബാങ്ക് അധികൃതർ വേദി പങ്കിടുന്ന കാര്യം സ്കൂൾ പി.ടി.എ യോഗത്തിൽ തീരുമാനിക്കുകയോ, നോട്ടീസിൽ ഉൾപ്പെടുത്തുകയോ പി.ടി.എ, മദർ പി.ടി.എ, എസ്.എസ്.ജി എന്നീ കമ്മിറ്റികളെ അറിയിക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ രക്ഷിതാക്കളുടെ പരാതിയിലാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ബാങ്ക് അധികൃതർക്ക് ചട്ടലംഘനം നടത്താൻ വഴിവിട്ട് സഹായം നൽകിയ സ്കൂളിലെ ചില അധ്യാപകരും കൃത്യനിർവ്വഹണത്തിൽ വീഴ്ച്ച വരുത്തി. അറിയാനുള്ള ജനങ്ങളുടെ അവകാശം പോലെ, സത്യസന്ധമായ കാര്യങ്ങൾ അറിയിക്കാനുള്ള അവകാശം വിനിയോഗിച്ച് വാർത്ത പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനത്തിനെതിരെ പോലീസിൽ പരാതി നൽകിയ സംഭവം നിയമപരമായി നേരിടും. സ്വാതന്ത്ര്യദിന പരിപാടിയുടെ പ്രോട്ടോകോൾ ലംഘനം നടത്തിയ ബാങ്ക് അധികൃതരുടെ ഗുരുതരമായ കുറ്റത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി, കേരള ഗവർണർ, കേരള മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പോലീസ് ചീഫ് എന്നിവർക്ക് ചാനൽ ആർ.ബി പരാതി നൽകും.
പരാതിക്ക് ആധാരമായ ചാനൽ ആർ.ബി പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്ക്: https://www.channelrb.com/News/69724
