സ്വകാര്യബസുകള്‍ നടത്തിയ കാരുണ്യ യാത്രയിലൂടെ സംഭരിച്ച തുക ഈമാസം 12ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും

  • Post category:news
  • Reading time:1 min read
You are currently viewing സ്വകാര്യബസുകള്‍ നടത്തിയ കാരുണ്യ യാത്രയിലൂടെ സംഭരിച്ച തുക ഈമാസം 12ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും

കാസര്‍കോട്: കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ ഈമാസം 12 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് സ്പീഡ്വേ ഇന്‍ ഓഡിറ്റോറിയത്തില്‍ ചേരും. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ‘കേരളത്തിന് ഒരു കൈത്താങ്ങ്’ എന്ന സന്ദേശവുമായി ഓഗസ്റ്റ് 30ന് ജില്ലയിലെ സ്വകാര്യബസുകള്‍ നടത്തിയ കാരുണ്യ യാത്രയിലൂടെ സംഭരിച്ച മുഴുവന്‍ തുകയും ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ നിന്നും ലഭിച്ച തുകയും ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. ജില്ലയില്‍ കാരുണ്യയാത്ര നടത്തിയതില്‍ 50,000 രൂപയില്‍ അധികം നല്‍കിയ ബസ് ഗ്രൂപ്പുടമകളെയും 10,000 രൂപയില്‍ അധികം സംഭരിച്ച ബസുകളിലെ ജീവനക്കാരെയും കണ്‍വെന്‍ഷനില്‍ ആദരിക്കും. പ്രളയക്കെടുതിയില്‍ കേരളം വലയുമ്പോഴും തകര്‍ന്നടിഞ്ഞ റോഡുകളിലൂടെ ഗതാഗതം ദുസഹമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിലും ഡീസല്‍വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരുകളുടെ നടപടിയില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. ഇതിനെതിരായുള്ള പ്രത്യക്ഷ സമരപരിപാടികളുടെ പ്രഖ്യാപനം കണ്‍വെന്‍ഷനില്‍ ഉണ്ടാകും. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് എം.ബി. സത്യന്‍ ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷനില്‍ സംസ്ഥാന കമ്മിറ്റിയുടെ മറ്റു ഭാരവാഹികളും പങ്കെടുക്കും. ചേര്‍ന്ന മഞ്ചേശ്വരം-കാസര്‍കോട്-ഹൊസ്ദുര്‍ഗ് താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, പി.എ. മുഹമ്മദ്കുഞ്ഞി, എം. ഹസൈനാര്‍, തിമ്മപ്പഭട്ട്, ശങ്കരനായ്ക്, ടി. ലക്ഷ്മണന്‍, എന്‍.എം. ഹസൈനാര്‍, സുബ്ബണ്ണ ആള്‍വ, സി. രവി, സി.എം. മുഹമ്മദ്കുഞ്ഞി, വി.എം. ശ്രീപതി എന്നിവര്‍ പ്രസംഗിച്ചു.

0Shares