‘സ്മൈൽ’ ടൂറിസം ശില്പശാല കണ്ണൂരിൽ; ടൂറിസം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

  • Post category:news
  • Reading time:1 min read
You are currently viewing ‘സ്മൈൽ’ ടൂറിസം ശില്പശാല കണ്ണൂരിൽ; ടൂറിസം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ: ബേക്കൽ റിസോർട്ട്സ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ (ബി.ആർ.ഡി.സി) നടപ്പിലാക്കിയ ‘സ്മൈൽ’ പദ്ധതിക്ക് കീഴിൽ ടൂറിസം സംരംഭങ്ങൾ തുടങ്ങാൻ താൽപ്പര്യമുള്ളവർക്ക് വേണ്ടിയുള്ള ശില്പശാല കണ്ണൂരിൽ വെച്ച് നടക്കുന്നു. നവംബർ 26 ന് നടക്കുന്ന ശില്പശാല ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ചെറുകിട – ഇടത്തരം ടൂറിസം സംരംഭകർക്ക് വേണ്ടി ബി.ആർ.ഡി.സി നടപ്പിലാക്കിയ പദ്ധതിയാണ് ‘സ്മൈൽ’ അഥവാ സ്മാൾ & മീഡിയം ഇൻഡസ്ട്രീസ് ലെവറേജിംഗ് എക്സ്പീരിയൻഷ്യൽ ടൂറിസം (SMiLE: Small & Medium Industries Leveraging Experiential Tourism). കാസര്‍കോട്, കണ്ണൂർ ജില്ലകളിലോ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലോ ഹോം സ്റ്റേ, സർവീസ്ഡ് വില്ല, ബഡ്ജറ്റ് റിസോർട്ട്, ഫാം ടൂറിസം കേന്ദ്രം, ആയുർവേദ സെന്റർ, തനത് കല, യോഗ, കളരി സെന്റർ മുതലായ സംരംഭങ്ങൾ തുടങ്ങാവുന്നതാണ്.

നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ സഹകരണത്തോടെയാണ് കണ്ണൂർ ചേംബർ ഹാളിൽ വെച്ച് ശില്പശാല നടക്കുന്നത്. പരിചയ സമ്പന്നരായ സംരംഭകരും വിദഗ്ധരും ശില്പശാലയിൽ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകും. പ്രാരംഭ ശില്പശാലക്ക് ശേഷം തുടർ നടപടികളുമായി മുന്നോട്ടു വരുന്നവർക്ക് പദ്ധതി രൂപ കല്പന തൊട്ട് വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളിൽ ബി.ആർ.ഡി.സി യുടെ തുടർ പരിശീലനങ്ങളും വിപണന സഹായക സേവനങ്ങളും ലഭ്യമാകും.

93 സംരംഭകർ നടത്തുന്ന 50 സ്മൈൽ സംരംഭങ്ങളാണ് ഇപ്പോൾ ഉത്തര മലബാറിൽ പ്രവർത്തിക്കുന്നത്. ഇവരിൽ 28% സ്ത്രീകളാണ്. കുടുംബാംഗങ്ങൾ എല്ലാവരുടെയും പ്രായഭേദമന്യെയുള്ള ഇടപെടലുകൾ പല യൂണിറ്റുകളുടെയും നടത്തിപ്പിൽ കാണാം. മദ്യത്തിന്‍റെ ഉപഭോഗം പൂർണമായും ഒഴിവാക്കിയാണ് ഭൂരിപക്ഷം സംരംഭങ്ങളും പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കും കുടുംബാംഗങ്ങൾക്കും ശില്പശാലയിൽ പങ്കെടുക്കാം.
ശില്പശാലയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ബി.ആർ.ഡി.സി വെബ്സൈറ്റിൽ (www.bekaltourism.com) മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

0Shares