കാസര്‍കോട്: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കാസര്‍കോട് നഗരസഭ കര്‍ശന നടപടി സ്വീകരിക്കുന്നു. പൊതുസ്ഥലത്ത് രാത്രിയില്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ ആളുകളെ ഹെല്‍ത്ത് സ്ക്വാഡ് കയ്യോടെ പിടികൂടി. നാല് സ്ഥാപനങ്ങള്‍ക്ക് നടപടിയുടെ ഭാഗമായി നോട്ടീസയച്ചു. വ്യാഴാഴ്ച രാത്രിയിലാണ് ഹെല്‍ത്ത് സൂപര്‍വൈസറും ഇന്‍സ്പെക്ടറും ചേര്‍ന്ന സ്ക്വാഡ് നഗരത്തില്‍ നിരീക്ഷണം നടത്തിയത്. രാത്രി പന്ത്രണ്ടുമണിയോടെ ബൈക്കിലും കാറിലുമെത്തിയ ആളുകള്‍ നഗര പരിസരങ്ങളില്‍ മാലിന്യം തള്ളുകയായിരുന്നു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ പഴയ കിണറിന് സമീപത്തും നായക്സ് റോഡിലെ ആളില്ലാ പറമ്പിലും മാലിന്യം തള്ളാനെത്തിയവരെയാണ് പിടികൂടിയത്. കൂടാതെ ബൈക്കില്‍ മാലിന്യം തള്ളാനെത്തിയ നാരായണന് എന്നവ്യക്തിയെയും സക്വാഡ് പിടികൂടി. മാലിന്യം തള്ളിയ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ കവേരി സ്പെയര്‍ പാര്‍ട്സ്, വീറ്റു ബേക്കറി, മിര്‍ച്ചി അങ്ങാടി, നായക്സ് റോഡിലെ ക്രൗണ്‍ ബുക്ക്സ് എന്നീ സ്ഥാപനങ്ങള്‍ക്ക് നോട്ടീസയച്ചു. സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന്റെ ഭാഗമായാണ് നോട്ടീസയച്ചതെന്ന് നഗരസഭ അറിയിച്ചു.
പൊതു റോഡില്‍ മാലിന്യ നിക്ഷേപിച്ചതിനെ തുടര്‍ന്ന് തായലങ്ങാടി ട്രാഫിക് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഷാന്‍ റെസ്റ്റോറന്റിന്റെ ലൈസന്‍സ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഹോട്ടലില്‍ നിന്നുള്ള ജൈവമാലിന്യങ്ങള്‍ കാസര്‍കോട് പോര്‍ട്ട് റോഡില്‍ നിക്ഷേപിച്ചതായി സ്ക്വാഡ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു നടപടി. ഇനിയുള്ള ദിവസങ്ങളിലും മാലിന്യം തള്ളുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്ഥാപനങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കി കാസര്‍കോട് നഗരസഭ; രാത്രിയില്‍ രഹസ്യമായി മാലിന്യം തള്ളാനെത്തിയ ആളുകളെ സ്ക്വാഡ് പിടികൂടി; നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി