കാസര്‍കോട്: ജീവിതത്തിന്റെ നെരിപ്പോടില്‍ ഉരുകി ഒലിച്ച് ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും ലോകത്ത് നിസ്സഹായതയുടെ സങ്കട ഭാരത്തോടെ ജീവിച്ച ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയിലെ ആമു എന്ന പാവം മനുഷ്യന്റെ ദുരിതത്തിന് ഒടുവില്‍ അറുതിയായി. അകാലത്ത് പോയ് മറഞ്ഞ പൊന്നോമന മകള്‍ ആയിഷയുടെ ദുഃഖ സ്മരണകളുറങ്ങുന്ന വീടിന് ഇനി പുതുഭാവം. നന്മ നിറഞ്ഞ മനസ്സുകള്‍ ഒരു കുടക്കീഴില്‍ ഒന്നിച്ചപ്പോള്‍ ആമുവിന്റെ പഴയ വീട് കേടുപാടുകള്‍ മാറ്റി അടച്ചുറപ്പുള്ള വീടായി. അക്ഷരാര്‍ത്ഥത്തില്‍ അത് ഇപ്പോള്‍ ഒരു സ്നേഹ വീടായി മാറി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം പ്രവര്‍ത്തകരാണ് വീടിന്റെ നവീകരണത്തിന് പങ്കാളികളായത്. രണ്ട് ദിവസം നീണ്ട പ്രവര്‍ത്തിയില്‍ ജില്ലയിലും ഇതര ജില്ലകളിലുമുള്ള പ്രവര്‍ത്തര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്താണ് പണി പൂര്‍ത്തീകരിച്ചത്. ദ്രവിച്ച കട്ടില, ജനാല, തുടങ്ങിയവ മാറ്റല്‍, വീടിന്റെ വയറിങ്ങ്, കിച്ചണ്‍ വര്‍ക്ക്, കക്കൂസ്, പൈപ്പ് ലൈന്‍, കുടിവെള്ളം എന്നിവയാണ് നിര്‍വ്വഹിച്ചത്. ഭാര്യ നസീമയെയും ഇരട്ടകളില്‍ ജീവിച്ചിരിക്കുന്ന കുഞ്ഞ് അഫ്‌സത്തിനെയും അടുത്ത ദിവസം വീട്ടില്‍ തിരികെ കൊണ്ട് വരും.

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ഭാരവാഹികളായ സി.കെ നാസര്‍, സുനില്‍ കുമാര്‍, ഉമ്മര്‍ പാടലടുക്ക, അനൂപ് മൂവറ്റുപുഴ, മഹമൂദ് അബ്ദുല്ല, സഫറുള്ള ഹാജി, മുഹമ്മദ് മരക്കാട്, ഹമീദ് ബദിയടുക്ക, അബ്ദുല്ല കുമ്പള, ജോണി ഡിസൂസ, തളങ്കര മാലിക് ദിനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, കാഞ്ഞങ്ങാട് മുസ്ലീം യത്തിംഖാന പ്രസിഡന്റ് കുഞ്ഞബ്ദുള്ള ഹാജി, പാലക്കി അബ്ദുറഹ്മാന്‍ ഹാജി തുടങ്ങിയവര്‍ ഈ സദുദ്യമത്തില്‍ പങ്കാളികളായി. കൂലി തൊഴിലാളിയായ ആമുവിന്റെ ഭാര്യ നസീമ കുറച്ച് നാളുകള്‍ക്ക് മുമ്പ് പ്രസവിച്ച ഇരട്ടക്കുട്ടികളില്‍ ഒരാളായ ആയിഷ രോഗ ബാധയെ തുടര്‍ന്ന് 22 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് മരിച്ചത്. ഈ കുട്ടിയുടെ മൃതദേഹം ഉറുമ്പരിച്ച അവസ്ഥയില്‍ കാണപ്പെട്ടത് പ്രദേശവാസികളുടെ മനസ്സിനെ പിടിച്ചുലച്ച സംഭവമായിരുന്നു. പ്രസവത്തോടെ മാനസിക നില തകരാറിലായ നസീമയെയും ബാക്കി കുട്ടികളെയും സംരക്ഷിക്കുന്നതിനുവേണ്ടി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ചെയ്ത കാര്യങ്ങള്‍ മാതൃകാപരമാണ്. ഇതേത്തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രി അധികൃതര്‍ നസീമയ്ക്കും നവജാത ശിശു ഹഫ്‌സത്തിനും മെച്ചപ്പെട്ട ചികിത്സയും മറ്റു സൗകര്യങ്ങളും സൗജന്യമായി നല്‍കി വരികയാണ്. ഇവരുടെ ഏഴു മക്കളില്‍ നാലുപേരെ കാഞ്ഞങ്ങാട്ടെ മുസ്ലിം യത്തീംഖാനയില്‍ താമസിപ്പിക്കുകയും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ നാലും രണ്ടും വയസ്സുള്ള കുട്ടികളുടെ സംരക്ഷണം ഭര്‍തൃ സഹോദരന്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി എസ് ബോസ് നസീമയെ സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.