
സുനില്‍ പി. ഇളയിടത്തിന്‍റെ പ്രഭാഷണത്തിന് മദ്രാസ് ഐ.ഐ.ടി അധികൃതരുടെ വിലക്ക്. ഐ.ഐ.ടി മദ്രാസിലെ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മയായ കേരള കലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് നടത്താനിരുന്ന പ്രഭാഷണത്തിനാണ് അധികൃതര്‍ അവസാന നിമിഷം അനുമതി നിഷേധിച്ചിരിക്കുന്നത്. ‘കലാ, സംസ്‌കാരം, രാഷ്ട്രീയം: നവകേരളത്തിന്‍റെ സാധ്യതകള്‍’ എന്ന വിഷയത്തിലാണ് കാലടി ശ്രീശങ്കരാചാര്യ കോളേജിലെ അധ്യാപകന്‍ കൂടിയായ സുനില്‍ പി. ഇളയിടത്തിന്‍റെ പ്രഭാഷണം നടക്കാനിരുന്നത്.
പ്രോഗ്രാം അക്കാദമികമായ പരിപാടിയല്ലാത്തതിനാലും, തെരഞ്ഞെടുപ്പു ചട്ട ലംഘനമാകുമെന്നതിനാലും പോലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പരിപാടിയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് സമിതിയുടെ ഭാരവാഹികള്‍ക്ക് അധികൃതര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍, ഈ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം.

പ്രഭാഷണ വിഷയവും, പ്രഭാഷകനുമടക്കമുള്ള വിവരങ്ങള്‍ നേരത്തേ തന്നെ ഡീന്‍ അടക്കമുള്ളവര്‍ക്ക് കൈമാറിയിരുന്നതായും, ക്യാമ്പസിനുള്ളില്‍ പരിപാടി നടത്താനുള്ള വേദി മുന്‍കൂട്ടി അനുവദിച്ചു തന്നിരുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഡീനിന്‍റെ അനുമതിയോടെ ക്യാമ്പസിലും സമൂഹമാധ്യമങ്ങളിലും പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ന് രാവിലെ സുനില്‍ പി. ഇളയിടം സ്ഥലത്തെത്തിക്കഴിഞ്ഞ ശേഷമാണ് വേദി അനുവദിക്കാനാവില്ലെന്ന് അറിയിച്ചു കൊണ്ടുള്ള സന്ദേശമെത്തുന്നത്.
അക്കാദമികമായ പരിപാടിയല്ലാത്തതിനാല്‍ അനുമതി നിഷേധിക്കുന്നുവെന്ന സന്ദേശം ലഭിച്ച ശേഷം ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍, തെരഞ്ഞെടുപ്പു ചട്ട ലംഘനമാകുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനും പോലീസുമടക്കം നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് പരിപാടി വിലക്കിയതെന്ന വിചിത്രമായ വിശദീകരണമാണ് തങ്ങള്‍ക്കു ലഭിച്ചതെന്ന് കേരള കലാ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. തെരഞ്ഞെടുപ്പു കമ്മീഷനും പോലീസും ഇടപെട്ടാണ് പരിപാടി വിലക്കിയതെന്ന വാദം വിശ്വസിക്കാനാകില്ലെന്നും, ഈ വിശദീകരണം ഡീനിന്‍റെ പക്കല്‍ നിന്നും രേഖാമൂലം വാങ്ങിക്കാന്‍ ശ്രമിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
(എഴുത്ത്- ശ്രീഷ്മ)
