കോട്ടയം: സാഹിത്യനിരൂപകനും ചലച്ചിത്രനിരൂപകനും മഹാത്മഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടറുമായിരുന്ന ഡോ.വി.സി ഹാരിസ് (59) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ അഞ്ചിനാണ് ഓട്ടോയില്‍ യാത്രചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മയ്യഴിയില്‍ ജനിച്ച ഹാരിസ് കണ്ണൂര്‍ എസ്. എന്‍ കോളെജിലും കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമാണ് പഠിച്ചത്. ഫറൂക്ക് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ലക്ള്‍ചററായി ജോലിചെയ്തിരുന്നു. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയതിനെതിരെ കഴിഞ്ഞ മാസം കാമ്പസില്‍ വിദ്യാര്‍ഥി പ്രക്ഷോഭം നടന്നിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ തിരിച്ചെടുത്തു. കമലാദാസിന്റെ ചന്ദനമരങ്ങള്‍, മേതിലിന്റെ ആല്‍ഫ്രെഡ് ഹിച്ച് കോക്കിന്റെ പ്രേമഗാനം, പി ടി നരേന്ദ്രനാഥിന്റെ നമ്പൂരിച്ചനും ദിവ്യമന്ത്രവും, നരേന്ദ്രപ്രസാദിന്റെ സൌപര്‍ണിക, പി ബാലചന്ദ്രന്റെ പാവം ഉസ്മാന്‍ തുടങ്ങിയവ ഇംഗ്‌ളീഷിലേയ്ക്ക് തര്‍ജിമ ചെയ്തത് ഹാരിസാണ്. ഡി.സി ബുക്‌സ് നവ സിദ്ധാന്തങ്ങള്‍ പുറത്തിറക്കുമ്പോള്‍ എഡിറ്റര്‍മാരില്‍ ഒരാളായിരുന്നു ഹാരിസ്. ‘എഴുത്തും വായനയും’ എന്ന സാഹിത്യ നിരുപണഗ്രന്ഥവും. സമാഹരിക്കാത്ത നിരവധി ലേഖനങ്ങള്‍ ഇംഗ്‌ളീഷിലും മലയാളത്തിലുമായി എഴുതിയിട്ടുണ്ട്.
പല നാടകാവതരണങ്ങളിലും രചയിതാവും സംവിധായകനും നടനുമായ ഹരിസ് സാമുവല്‍ ബെക്കറ്റിന്റെ കൃതി, ‘ക്രാപ്‌സ് ലാസ്റ്റ് ടേയ്പ്’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും, ക്രാപ്പായി വേഷമിട്ടുകൊണ്ട് ആ ഏകാംഗ (ഒറ്റയാള്‍) നാടകത്തെ സംവിധാനം ചെയ്ത് അരങ്ങിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രഞ്ച് സൈദ്ധാന്തികന്‍ ഴാക് ദറിദയെ കേരളസമൂഹത്തിനു സാര്‍ഥകമായി പരിചയപ്പെടുത്തികൊടുത്ത വ്യക്തി കൂടിയാണ് വി സി ഹാരിസ്. ബ്രിസ്‌ബെയിന്‍ ചലച്ചിത്രമേളയില്‍ മലയാളം സിനിമകളുടെ ക്യൂറേറ്ററായും പങ്കെടുത്തിരുന്നു ഇദ്ദേഹം. ആറ് സിനിമകളിലും അദ്ദേഹം വേഷമിട്ടു. ടി കെ രാജീവ് കുമാറിന്റെ ജലമര്‍മ്മരം, സുമാ ജോസണ്‍ സംവിധാനം ചെയ്ത സാരി, ജി എസ് വിജയന്‍ സംവിധാനം ചെയ്ത കവര്‍ സ്റ്റോറി, ശിവപ്രസാദ് സംവിധാനം ചെയ്ത സ്ഥലം, എ ബി വര്‍ഗീസ് സംവിധാനം ചെയ്ത മണ്‍സൂണ്‍ മാംഗോസ്, സിദ്ധര്‍ഥ് ശിവ സംവിധാനം ചെയ്ത സഖാവ് എന്നീ സിനിമകളിലാണ് അഭിനയിച്ചത്.