സാമ്പത്തിക അച്ചടക്കമില്ല എന്ന് ആരോപണം; ദൂര്‍ദര്‍ശന്‍,ആകാശവാണി എന്നിവയുടെ വാര്‍ത്തകള്‍ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍; തിരുവനന്തപുരത്ത് നിന്നുള്ള ഭൂതല സംപ്രേഷണം നിര്‍ത്തി

  • Post category:news
  • Reading time:1 min read
You are currently viewing സാമ്പത്തിക അച്ചടക്കമില്ല എന്ന് ആരോപണം; ദൂര്‍ദര്‍ശന്‍,ആകാശവാണി എന്നിവയുടെ വാര്‍ത്തകള്‍ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍; തിരുവനന്തപുരത്ത് നിന്നുള്ള ഭൂതല സംപ്രേഷണം നിര്‍ത്തി

ന്യൂഡല്‍ഹി:സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദൂര്‍ദര്‍ശന്‍,ആകാശവാണി എന്നിവയുടെ അധികാരം കയ്യടക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. കടുത്ത സാമ്പത്തിക അച്ചടക്കത്തിന്റെ പേര് പറഞ്ഞ് പ്രസാര്‍ഭാരതിയുടെ വാര്‍ത്തകള്‍ക്ക് അടക്കം കടിഞ്ഞാണിടാനാണ് വാര്‍ത്തവിതരണ മന്ത്രാലയം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രസാര്‍ഭാരതിക്കു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അതോടൊപ്പം തിരുവനന്തപുരത്ത് നിന്നുള്ള ഭൂതല സംപ്രേഷണം നിര്‍ത്തിയിട്ടുമുണ്ട്.

ചെലവ് ചുരുക്കല്‍ നടപടി ക്രമത്തിന്റെ ഭാഗമായി ഒരോ ചെറിയ കാര്യങ്ങള്‍ക്ക് വരെ പ്രസാര്‍ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ശുപാര്‍ശ. സ്ഥാപനത്തിന് അധിക ചെലവ് വരുന്ന സ്ഥലം മാറ്റങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നും മൊട്ടുസൂചി ഉള്‍പ്പെടെ വാങ്ങുന്നതില്‍ കര്‍ശന നിയന്ത്രണം പാലിക്കണമെന്നും കാട്ടിയാണ് പ്രസാര്‍ഭാരതി ഡപ്യൂട്ടി ഡയറക്ടര്‍ രാജന്‍ ഭാസിന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം കുടപ്പനക്കുന്നില്‍ നിന്നുള്ള ദൂരദര്‍ശന്റെ ഭൂതല സംപ്രേഷണം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു.

എ10011/3/2018 പിപിസി നമ്പറായാണ് ആകാശവാണി, ദൂര്‍ദര്‍ശന്‍ കേന്ദ്രങ്ങള്‍ക്ക് ഡപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു സ്ഥാപനങ്ങളുടെയും ഡയറക്ടര്‍ ജനറല്‍മാര്‍ തങ്ങള്‍ക്കു കീഴിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും കര്‍ശന സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും അതിനായി സ്വീകരിക്കേണ്ട നടപടികളും വിശദീകരിച്ച് കത്തു നല്‍കിയിട്ടുണ്ട്.

ജോലിക്ക് സ്ഥലംമാറ്റം ലഭിക്കുമ്പോള്‍ അതാത് പ്രദേശത്തെ പരിപാടികളും സാഹചര്യങ്ങളും സംബന്ധിച്ച് ജീവനക്കാരെ പഠിപ്പിക്കുന്നതിനായി നടത്തി വന്നിരുന്ന എല്ലാ പരിശീലനങ്ങളും അവസാനിപ്പിക്കണം. പരിശീലനം നിര്‍ബന്ധമാണെന്ന് തോന്നുന്നുവെങ്കില്‍ തന്നെ അതിന് പ്രസാര്‍ഭാരതി മേധാവിയുടെം പ്രത്യേക അനുമതി തേടണം. തത്സമയ സംപ്രേഷണം വിവിഐപികളുടെ പരിപാടികള്‍ക്കു മാത്രം നടത്തിയാല്‍ മതി. അതുതന്നെ വാടകയ്ക്കെടുത്ത വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചു നടത്തിയാല്‍ മതി എന്നീ നിബന്ധനകളും സര്‍ക്കുലറിലുണ്ട്.

പ്രസാര്‍ഭാരതിക്കുകീഴിലെ സ്ഥാപനങ്ങളില്‍ പ്രധാന ചെലവിനങ്ങളിലൊന്ന് പലവകയെന്ന കണക്കിലാണെന്നും ഇതില്‍ പ്രധാനം സ്റ്റേഷനറി സാധനങ്ങള്‍ക്കാണെന്നും അതിന്റെ ഉപയോഗം കുറയ്ക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. സാധനങ്ങള്‍ വളരെ കുറച്ചുമാത്രമേ ഉപയോഗിക്കാവൂ. ഔദ്യോഗിക യാത്രകള്‍ പരമാവധി കുറയ്ക്കണം, ജീവനക്കാരുടെ വിനോദയാത്രകള്‍ ഒഴിവാക്കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളുമുണ്ട്.

0Shares