സന്തോഷ് ട്രോഫി ടീമിൻ്റെ മിന്നും താരം കെ.പി രാഹുലിന് ജന്മനാട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി

  • Post category:news
  • Reading time:1 min read
You are currently viewing സന്തോഷ് ട്രോഫി ടീമിൻ്റെ മിന്നും താരം കെ.പി രാഹുലിന് ജന്മനാട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി

കാസര്‍കോട്: സന്തോഷ് ട്രോഫി ടീമിലെ മിന്നും താരവും ബംഗാളുമായുള്ള മല്‍സരത്തില്‍ അവസാന റൗണ്ടില്‍ സമനിലയിലായിരുന്ന കേരളത്തെ വിജയത്തിലെത്തിച്ച കെ.പി.രാഹുലിന് ചെറുത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജന്മനാട് സ്വീകരണം നല്‍കി. രാവിലെ 8.45 ന് മലബാര്‍ എക്‌സ്പ്രസ് ട്രെയിനിനാണ് രാഹുല്‍ ചെറുവത്തൂരിലെത്തിയത്. രാവിലെ മുതല്‍ തന്നെ താരത്തെ സ്വീകരിക്കാന്‍ ചെറുവത്തൂരിലെയും പിലിക്കോട്ടെയും പൗരാവലി റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ശ്രീധരന്‍, മുന്‍ എംഎല്‍എ കെ.കുഞ്ഞിരാമന്‍, എം.ശാന്ത, പി.പി.അശോകന്‍, കെ.വി.ഗോപാലന്‍, കെ.പി.നാരായണന്‍ തുടങ്ങിയവരും കായിക പ്രേമികളും ചെറുവത്തൂര്‍, പിലിക്കോട് പ്രദേശത്തെ നാട്ടുകാരും ചേര്‍ന്ന് രാഹുലിനെ സ്വാകരിച്ചു പിന്നീട് തുറന്ന വാഹനത്തില്‍ വീട്ടിലേക്ക് ആനയിച്ചുകൊണ്ടുപോയി.സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പശ്ചിമ ബംഗാളിൻ്റെ വെല്ലുവിളി മറികടന്നാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാന്മാരായത്. നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്ന കേരളം തുടര്‍ച്ചയായ നാലാം വിജയത്തോടെയാണ് ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കേരളം ഒരൊറ്റ ഗോളിനാണ് പശ്ചിമ ബംഗാളിനെ മറികടന്നത്.മത്സരത്തിൻ്റെ അവസാന മിനിറ്റില്‍ കെ.പി രാഹുല്‍ കേരളത്തിന് വിജയം സമ്മാനിക്കുകയായിരുന്നു. മത്സരം സമനിലയിലേക്ക് നീങ്ങവെയാണ് രാഹുലിൻ്റെ വിജയഗോള്‍ വന്നത്. ഇടതു വിങ്ങില്‍ നിന്ന് ജിതിന്‍ നല്‍കിയ പാസ്സില്‍ നിന്നായിരുന്നു രാഹുലിന്റെ ഗോള്‍. 13 പുതുമുഖങ്ങളുമായി ഏറ്റവും മികച്ച യുവകളിക്കാരെ അണിനിരത്തി കേരളം ആറാം സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിടുകയായിരുന്നു.

0Shares