
ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന സൂചന നല്കി സോണിയാ ഗാന്ധി. പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി നിര്‍ണായക തീരുമാനം എടുക്കാന്‍ തന്നെ സഹായിക്കുന്നത് രാഹുല്‍ ഗാന്ധി ആണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. നാളെ എ.ഐ.സി.സി അധ്യക്ഷ പദവി രാഹുല്‍ ഗാന്ധി ഏറ്റെടുക്കാന്‍ ഇരിക്കെയാണ് സോണിയ ഗാന്ധി വിരമിക്കല്‍ സൂചന നല്‍കിയത്.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ സോണിയ ഗാന്ധി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കിയത്. ഇനി വിരമിക്കലാണ് ജോലി എന്നാണ് സോണിയ ഗാന്ധി വ്യക്തമാക്കിയത്. പാര്‍ട്ടിയില്‍ നിര്‍ണായകമായ പല തീരുമാനങ്ങളും എടുക്കാന്‍ തന്നെ സഹായിച്ചിരുന്നത് രാഹുല്‍ ഗാന്ധി ആണെന്നും സോണിയ വെളിപ്പെടുത്തി.
ആരോഗ്യപരമായ വിഷമതകള്‍ കാരണം കഴിഞ്ഞ കുറച്ച് കാലമായി സോണിയ രാഷ്ട്രീയത്തില്‍ മുന്‍പത്തെ പോലെ സജീവമായിരുന്നില്ല. നാളെ എഐസിസി അധ്യക്ഷ പദവി രാഹുല്‍ ഗാന്ധി ഏറ്റെടുക്കാനിരിക്കെയാണ് സോണിയ ഗാന്ധി വിരമിക്കല്‍ സൂചന നല്‍കിയിരിക്കുന്നത്. രാഹുല്‍ പദവി ഏറ്റെടുക്കുന്ന ചടങ്ങില്‍ സോണിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നുണ്ട്. വിടവാങ്ങലിന്റെ ഔദ്യോഗിക പ്രഖ്യാപനം ആ പ്രസംഗത്തില്‍ ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.
