സംഘപരിവാർ ഭീഷണി, അപകീര്‍ത്തികരമായ പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം സൈബര്‍ ഗ്രൂപ്പുകള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡി. ജി. പിക്കും ദീപാ നിശാന്ത് പരാതി നല്‍കി

  • Post category:news
  • Reading time:1 min read
You are currently viewing സംഘപരിവാർ ഭീഷണി, അപകീര്‍ത്തികരമായ പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം സൈബര്‍ ഗ്രൂപ്പുകള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡി. ജി. പിക്കും ദീപാ നിശാന്ത് പരാതി നല്‍കി

 


തൃശൂർ: തൃശൂര്‍ കേരളവര്‍മ കോളജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് സംഘപരിവാര്‍ അനുകൂല ട്രോളുകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്ന കാവിപ്പട, ഔട്ട്സ്പോക്കണ്‍ എന്നീ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡി. ജി. പിക്കും പരാതി നൽകി. അപകീര്‍ത്തികരമായ പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. കുടുംബത്തെ ഒന്നാകെ അപായപ്പെടുത്തുമെന്നു കാട്ടി സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിമുഴക്കുന്നതായും പരാതിയില്‍ പറയുന്നു. ചിത്രകാരന്‍ എം. എഫ് ഹുസൈന്‍ വരച്ച സരസ്വതിയുടെ പെയിൻറിംഗ് എസ്‌. എഫ്‌. ഐ കേരള വര്‍മ കോളേജില്‍ സ്ഥാപിച്ചതിനെതിരെ സംഘ പരിവാര്‍ രംഗത്തെത്തിയിരുന്നു. എസ്‌. എഫ്‌. ഐയെ അനുകൂലിച്ച്‌ കോളേജിലെ അദ്ധ്യാപികയായ ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതോടെയാണ് സംഘപരിവാര്‍ സംഘടനകള്‍ ദീപ നിശാന്തിനെതിരെ തിരിഞ്ഞത്.

അശ്ലീല ചിത്രങ്ങള്‍ക്കൊപ്പം തല വെട്ടി ചേര്‍ത്ത പോസ്റ്റുകളാണ് ദീപ നിശാന്തിന് മറുപടിയെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഔട് സ്പോക്കണ്‍, കാവിപ്പട എന്നീ ഫേസ്ബുക്ക് ഗ്രൂപ്പുകളാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതെന്ന് ദീപ ഡി. ജി. പിക്കും മുഖ്യമന്ത്രിക്കും അയച്ച പരാതിയില്‍ പറയുന്നു. സ്ത്രീ എന്ന നിലയില്‍ അവഹേളിക്കുകയും അപമാനിക്കുകയുമാണ് ഇവരുടെ ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നുണ്ട്. ദീപ നിശാന്തിനെതിരെ ആസിഡ് ആക്രമണം നടത്തിയോ, മുറിവേല്‍പ്പിച്ചോ അപായപ്പെടുത്തണമെന്ന ആഹ്വാനങ്ങള്‍ ഹിന്ദുരക്ഷാ സേന ഗ്രൂപ്പുകള്‍ നടത്തിയിരുന്നു.

0Shares