ചെന്നൈ: ജയലളിതയുടെ മരണം തമിഴ് രാഷ്ട്രീയത്തിലുണ്ടാക്കിയ മാറ്റം ജയലളിതയെ സ്‌നേഹിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിധമായിരുന്നു. അതുകൊണ്ട് തന്നെയാണ് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ശശികല നടരാജന്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെ പാര്‍ട്ടിയില്‍ ഭിന്നത രൂപപ്പെട്ടത്. ശശികലയെ ഏതിര്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയലളിതയുടെ അനന്തിരവളായ ദീപ ജയകുമാറിനെ അനുകൂലിച്ച് മുന്നോട്ട് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും പുതിയ പാര്‍ട്ടി രൂപപ്പെടുത്തുമെന്നും ദീപ അറിയിച്ചത്.

ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് പുതിയ പാര്‍ട്ടി സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് ദീപ അറിയിച്ചിരിക്കുന്നത്. ദീപയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കുറച്ച് ദിവസം മുമ്പേ തന്നെ തമിഴ്‌നാട്ടില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നില്‍ ബി.ജെ.പിയല്ലെന്നും ജയലളിതയുടെ സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിക്കില്ലെന്നും ദീപ ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
