വെന്തുരുകുന്ന കേരളം

  • Post category:news
  • Reading time:2 mins read
You are currently viewing വെന്തുരുകുന്ന കേരളം

എഡിറ്റോറിയല്‍: വേനല്‍ച്ചൂടില്‍ ഉരുകിയൊലിക്കുകയാണ് കേരളം. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ ക്രൂര മാസങ്ങളാണ്. അസഹ്യമായ വേനല്‍ച്ചൂടില്‍ മനുഷ്യര്‍ മാത്രമല്ലാ പക്ഷി മൃഗാദികളും എരിപൊരി കൊള്ളുന്നു. പോയ വര്‍ഷത്തേക്കാള്‍ ഇത്തവണ തീവ്രവും തീക്ഷ്ണവുമാണ് ഉഷ്ണം. കുടിവെള്ള ക്ഷാമം സംസ്ഥാനത്തെങ്ങും രൂക്ഷമാണ്. കിണറുകളും കുളങ്ങളും പുഴകളും ജല സംഭരണികളും വറ്റി വരണ്ടിരിക്കുകയാണ്. ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ ജലക്ഷാമം കൊണ്ട് വലയുന്നു. കേരളം കുടിവെള്ളത്തിനായി കേണു പ്രാര്‍ത്ഥിച്ചിട്ടും വേനല്‍ മഴ വ്യാപകമായി പെയ്യാതെ എങ്ങോ മാറി നില്‍ക്കുന്ന കാഴ്ച. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍മഴ ലഭിച്ചത്. ബഹുഭൂരിപക്ഷം പ്രദേശങ്ങളും മഴത്തുള്ളികള്‍ക്കായി വേഴാമ്പലിനെ പോലെ കാത്തിരിക്കുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുന്നു. മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉല്‍പാദനം വൈകാതെ പൂര്‍ണ്ണമായും നിലയ്ക്കുമെന്ന് കേള്‍ക്കുന്നു. വൈദ്യുതി ഉണ്ടാക്കാനുള്ള വെള്ളം അണക്കെട്ടില്‍ അനുദിനം കുറഞ്ഞു വരികയാണെന്നും വൈദ്യുതി ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായതിനാല്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ജലോപയോഗ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ഇങ്ങ് വടക്ക് കാസര്‍കോട്ട് പയസ്വിനി പുഴയിലെ വെള്ളം വറ്റിയതിനാലും ബാവിക്കരയിലേക്ക് ഉപ്പ് വെള്ളം കയറിയതിനാലും കാസര്‍കോട് നഗരത്തിലും പരിസര പഞ്ചായത്തുകളിലും വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളം നിലച്ചിരിക്കുകയാണ്. കാലവര്‍ഷത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലും കാത്തിരിപ്പിലുമാണ് കേരളീയര്‍ മുഴുവന്‍. പ്രകൃതിയേയും പരിസ്ഥിതിയേയും വിസ്മരിച്ച് അതിനെ തകര്‍ത്തെറിഞ്ഞതിന്റെ പരിണിത ഫലമാണ് നാം ഇന്നനുഭവിക്കുന്നത്. കാടും മേടും കുന്നുകളും മലകളും പുഴകളും വയലേലകളും നാം നിര്‍ദയം നശിപ്പിച്ചു. നിര്‍ദാക്ഷിണ്യമുള്ള മണലെടുപ്പ് മൂലം പുഴകളെല്ലാം മരുപ്പറമ്പുകളായി മാറി. തോന്നുംപടി കണ്ണില്‍ക്കണ്ട സ്ഥലങ്ങളെല്ലാം തുരന്ന് നാം കുഴല്‍ കിണറുകള്‍ സ്ഥാപിച്ചു. വെള്ളം ഊറ്റിയെടുത്ത് ഭൂമിയെ ഊഷരമാക്കി.

വാരിക്കോരി ചൊരിഞ്ഞ മഴവെള്ളം സംഭരിക്കുന്നതില്‍ കടുത്ത വീഴ്ച വരുത്തി. കാലാവസ്ഥയുടെ താളം നാം പിഴപ്പിച്ചു. വെള്ളം പാഴാക്കുന്നതില്‍ നാം മത്സരിച്ചു. ജല വിവേകവും ജല സാക്ഷരതയും തൊട്ട് തീണ്ടിയിട്ടില്ലാത്ത മലയാളികള്‍ ലോകത്തിന് മുന്നില്‍ പരിഹാസ്യരായി. കേരളപ്പിറവിക്ക് ശേഷം ആറു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ വികസന രംഗത്ത് നാം ഏറെ മുന്നോട്ട് കുതിച്ചുവെങ്കിലും ജലസംരക്ഷണ രംഗത്തും ജലോപയോഗ രംഗത്തും നാം തികഞ്ഞ പരാജയമായിരുന്നു. ദീര്‍ഘ വീക്ഷണമില്ലാത്ത നയങ്ങളും നടപടികളും മൂലം വെള്ളം കേരളീയന് കിട്ടാകനിയായി മാറി. വികസന തേരോടിച്ചുള്ള മുന്നേറ്റത്തിനും നഗരവല്‍ക്കരണത്തിനും ഇടയില്‍ നമ്മുടെ നദികളും അരുവികളും വറ്റിവരണ്ടു. 44 നദികള്‍ ഉള്ള കേരളത്തില്‍ ഒട്ടുമിക്ക നദികളും ഇതിനകം മരിച്ചു കഴിഞ്ഞു. അഴുക്കു ചാലുകളായി മാറിയ മറ്റു ചില നദികളുടെ മരണമണി മുഴങ്ങി കേള്‍ക്കുന്നു. ഒരുകാലത്ത് നിറഞ്ഞ് കവിഞ്ഞ് ഒഴുകിയിരുന്ന ആ പുഴകളുടെ ജലസമൃദ്ധി വിഷാദഭരിതമായ ഓര്‍മ്മ മാത്രം. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ഭൂഗര്‍ഭജല നിരപ്പ് ആപത്കരമാകും വിധം താഴ്ന്നിരിക്കുന്ന ഈ ദിവസങ്ങളില്‍ കുടിക്കാനും കുളിക്കാനും വെള്ളം ലഭിക്കാതെ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും ആയിരങ്ങള്‍ നെട്ടോട്ടം ഓടുന്ന ഹൃദയഭേദകമായ കാഴ്ചയാണ് നാം അനുഭവിക്കുന്നത്. യഥാസമയം കാലവര്‍ഷം എത്തിയില്ലെങ്കില്‍ കേരളത്തിന്റെ സ്ഥിതി ദീതിദമായിരിക്കും. കേരളത്തിന് പുരോഗതി വേണം, സംശയമില്ല. പക്ഷെ പ്രഥമ പരിഗണന വെള്ളത്തിന് നല്‍കിയില്ലെങ്കില്‍ വരും നാളുകളില്‍ ഈ സംസ്ഥാനത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാന്‍ പോലുമാകില്ല. ഈ അവസരത്തില്‍ ആദ്യമായും അവസാനമായും ഒന്നേ ഓര്‍മ്മിപ്പിക്കാനുള്ളൂ- ഇനി നാം ഉണരേണ്ടത് വെള്ളത്തിന് വേണ്ടിയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളി കൊണ്ട കേരളം ഇന്ന് ചെകുത്താന്റെ നാടായി മാറിക്കഴിഞ്ഞു; ഒരിക്കല്‍ മഴയുടെ സ്വന്തം നാടെന്ന് കേള്‍വി കേട്ടിരുന്ന മലയാളക്കര ഇപ്പോള്‍ തീച്ചൂളയായി മാറി. ഓര്‍ക്കുക, ഇതൊന്നും പ്രകൃതിയുടെ തെറ്റും കുറ്റവുമല്ല. തെറ്റുകുറ്റങ്ങള്‍ ചെയ്തത് ‘പ്രബുദ്ധരെന്ന്’ സ്വയം ഊറ്റം കൊണ്ടിരുന്ന നാം മലയാളികള്‍ തന്നെ.! അതിന്റെ ശിക്ഷയാണ് കേരളീയര്‍ ഇന്നനുഭവിച്ചു കൊണ്ടിരിക്കുന്നത്…

0Shares