പീതാംബരന് കുറ്റിക്കോല്‍
കാസര്‍കോട്: വീട്ടുതടങ്കലിലുള്ള കാസര്‍കോട് സ്വദേശിനിയായ യുവതിയെ കണ്ടെത്താന്‍ ഇന്ത്യൻ എംബസി സൗദി പോലീസിന്റെ സഹായം തേടി. സൗദി അറേബിയയിലെ റിയാദ് കോണ്‍സുലേറ്റ് എംബസി അധികൃതര്‍ ഇക്കാര്യം അറിയിച്ചതായി കാസറകോട് ജില്ലാ കലക്ടര്‍ കെ ജീവന് ബാബു ഐ.എ.എസ് പറഞ്ഞു. അന്വേഷണത്തിനായി പാസ്പോര്‍ട്ടിന്റെയും വിസയുടെയും വിവരങ്ങള്‍ എംബസി അധികൃതര്‍ക്ക് ശനിയാഴ്ച അയച്ചു കൊടുത്തതായും കലക്ടര്‍ ചാനല്‍ ആര്.ബിയോട് പറഞ്ഞു. ബേഡകം പോലീസ് സ്റ്റേഷന് പരിധിയിലെ കുറ്റിക്കോല്‍ പുളുവിഞ്ചി പട്ടികവര്‍ഗ കോളനിയിലെ എച്ച്. അമ്മാളു (40) വാണ് വീട്ടുതടങ്കലിലുള്ളത്. ബന്ധുക്കള്‍ക്ക് ലഭിച്ച വാട്സ് അപ്പ് സന്ദേശത്തിലൂടെയാണ് അമ്മാളു ഗള്‍ഫില്‍ വീട്ടു തടങ്കലിലായ സംഭവം നാട്ടില്‍ അറിയുന്നത്. അമ്മാളുവിന്റെ മകന് ജില്ലാ കലക്ടര്‍ക്ക് നല്കിയ വിവരത്തെ തുടര്‍ന്നാണ് ഉന്നതതല അന്വേഷണം നടന്നുവരുന്നത്.
റിയാദിലെ ഒരു വീട്ടില്‍ 1500 റിയാല്‍ ശമ്പളത്തിനാണ് അമ്മാളു ജോലിക്കു ചേര്‍ന്നത്. മാസങ്ങളായി 1000 റിയാല്‍ മാത്രം നല്കി തൊഴില്‍ ഏജന്റും വീട്ടുടമയും ചതിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിനുള്ളില്‍ തടങ്കലിലാക്കിയെന്നും രക്ഷപെടാന്‍ ഒരു വഴിയും കാണുന്നില്ലെന്നും സൂചിപ്പിച്ച് അടുത്ത ബന്ധുവിന് വാട്സ് അപ്പിലൂടെ അമ്മാളു ശബ്ദ സന്ദേശം അയച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ അമ്മാളുവിന് തടങ്കലില്‍ നിന്നും ആരെയും ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇതേ തുടര്‍ന്ന് ആശങ്കയിലായ ബന്ധുക്കള്‍ ജില്ലാ കലക്ടറുടെ സഹായം തേടുകയായിരുന്നു. കൊച്ചിയിലെ എമിഗ്രേഷന്‍ ഓഫീസ് അധികൃതര്‍ കഴിഞ്ഞ ദിവസം ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നു. എമിഗ്രേഷന്‍ വിഭാഗവും അന്വേഷണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വനിതാ സംരക്ഷണ ജില്ലാ ഓഫീസര്‍ പി. സുലജയും ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്.