വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന പ്രചരണം അടിസ്ഥാന രഹിതം; വീട് നിര്‍മാണം കരാറുകാരെയാണ് ഏല്‍പിച്ചത്; തന്നെ രാഷ്ട്രീയ പ്രേരിതമായി ചിലര്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി ചെങ്കള പഞ്ചായത്തംഗം അബ്ദുല്ലകുഞ്ഞി കുര്‍ള

  • Post category:news
  • Reading time:2 mins read
You are currently viewing വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന  പ്രചരണം അടിസ്ഥാന രഹിതം; വീട് നിര്‍മാണം കരാറുകാരെയാണ് ഏല്‍പിച്ചത്; തന്നെ രാഷ്ട്രീയ പ്രേരിതമായി ചിലര്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി ചെങ്കള പഞ്ചായത്തംഗം അബ്ദുല്ലകുഞ്ഞി കുര്‍ള

കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ നാലാം വാര്‍ഡ് എസ്.സി കോളനിയില്‍ വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയതായി സമൂഹമാധ്യമങ്ങളിലടക്കം പരക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചെങ്കള പഞ്ചായത്തംഗം അബ്ദുല്ല കുഞ്ഞി കുര്‍ള. ചാനല്‍ ആര്‍.ബി നടത്തിയ പ്രത്യക അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. എട്ടു കുടുംബങ്ങള്‍ താമസിക്കുന്ന എസ്.സി കോളനിയിലെ സുശീലയുടെ വീട് നിര്‍മ്മാണ ഫണ്ടുമായി സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത വാസ്തവമല്ല. സ്ത്രീയുടെ വീടിന്റെ നിര്‍മാണം അധികൃതരുടെ അറിവോടെ കരാറുകാരെയാണ് ഏല്‍പിച്ചത്. അവര്‍ ഇപ്പോള്‍ ആദ്യഘട്ടത്തിലുള്ള നിര്‍മാണം നടത്തിവരികയാണ്. തന്റെ വാര്‍ഡില്‍ നടക്കുന്ന വികസന പ്രവര്‍ത്തനത്തില്‍ വിളറി പൂണ്ട ചിലരാണ് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരാതി ഉന്നയിച്ചുവെന്ന് പറയുന്ന സുശീലയ്ക്ക് ഒന്നരവര്‍ഷം മുമ്പ് 15,400 രൂപയുടെ കക്കൂസിന് തുക അനുവദിച്ചിരുന്നു. എന്നാല്‍ അവര്‍ പേരിനു പോലും നിര്‍മാണം നടത്തിയിരുന്നില്ല. അതുപോലെ പഞ്ചായത്ത് അനുവദിച്ച ഒരു കട്ടില്‍ വീട്ടിലെത്തിക്കുന്നതിന് മുമ്പ് തന്നെ വില്‍പന നടത്തിയിരുന്നു. ഇക്കാരണത്താല്‍ പട്ടിക ജാതി വികസന ഫണ്ട് ഉപയോഗിച്ച് നാലുലക്ഷം വില വരുന്ന വീട് നിര്‍മിക്കാന്‍ തുക വീട്ടുകാര്‍ക്ക് നല്‍കുന്നതിന് പകരം കരാറുകാരനെയാണ് ഏല്‍പിക്കേണ്ടിവന്നത്. ഇക്കാര്യം പട്ടിക ജാതി വികസന വകുപ്പ് ജില്ലാ ഓഫീസര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് അബ്ദുല്ല പറയുന്നു. വീടിന്നായി ആദ്യം അനുവദിച്ച 52,000 രൂപയ്ക്ക് തറയാണ് നിര്‍മിക്കേണ്ടത്. കരാറുകാരന് തിരക്കായതിനാല്‍ മാസങ്ങളോളം നിര്‍മാണം വൈകുകയാണുണ്ടായത്. അതിനിടേ തനിക്ക് അപകടത്തില്‍ പരിക്കേറ്റതിനാല്‍ രണ്ടുമാസത്തോളം വീട്ടില്‍ കഴിയേണ്ടി വന്നുവെന്ന് അബ്ദുല്ല പറയുന്നു. ഇപ്പോള്‍ വീടിന്റെ നിര്‍മാണം ആരംഭിച്ചതായും 15 ദിവസത്തിനകം ലഭിച്ച ഫണ്ടിനനുസരിച്ചുള്ള നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സി.പി.എം സ്വതന്ത്രനായാണ് അബ്ദുല്ല കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. നിലവില്‍ ലീഗിന്റെ കുത്തകയായിരുന്ന വാര്‍ഡില്‍ അട്ടിമറി വിജയമാണുണ്ടായത്. വികസന മുരടിപ്പുണ്ടായിരുന്ന വാര്‍ഡില്‍ അബ്ദുല്ലയുടെ പ്രത്യേക ഇടപെടല്‍ കാരണം വാര്‍ഡില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയിരുന്നു. ഇതില്‍ അസൂയ പണ്ട ബി.ജെ.പി പ്രവര്‍ത്തകരാണ് ആരോപണമുന്നയിച്ചതെന്നും ഇത് മറ്റുള്ള രാഷ്ട്രീയ പാര്‍ടികള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണുണ്ടായതെന്നും അബ്ദുല്ല പറയുന്നു. അതേസമയം അപവാദങ്ങള്‍ നിരത്തി സമൂഹത്തിന് മുന്നില്‍ അപഹാസ്യനാക്കിയവര്‍ക്കെതിരേ നിയമ നടപടിക്കുപോകുമെന്നു അദ്ദേഹം വ്യക്തമാക്കി.

0Shares