പനങ്ങാട്(കൊച്ചി): വിവാഹത്തിൻ്റെ പ്രധാന ആകര്‍ഷണം സദ്യ തന്നെ. എത്ര കൂട്ടം എന്നുമാത്രമേ കല്യാണത്തിന് എത്തുന്നവര്‍ ആലോചിക്കുള്ളൂ. എന്നാല്‍ മനസിലും വായിലും കൊതിയൂറി കല്യാണത്തിന് വന്നെത്തുന്ന അതിഥികളോട് സദ്യ ഇല്ലെന്ന് പറഞ്ഞാല്‍ എന്താകും സ്ഥിതി. അതാണ് എറണാകുളം പനങ്ങാട്ടെ വിവാഹ വീട്ടില്‍ നടന്നത്. വിവാഹത്തിന് ശേഷം വരനും പാര്‍ട്ടിക്കും സദ്യനല്‍കാന്‍ നോക്കിയ വധുവിൻ്റെ വീട്ടുകാര്‍ ഞെട്ടി. സദ്യയുണ്ടാക്കാമെന്നേറ്റിരുന്ന പാചകക്കാരനെ കാണാനില്ല. സംഭവമറിഞ്ഞതോടെ വധുവിൻ്റെ മാതാപിതാക്കള്‍ ബോധരഹിതരായി. പിന്നീട് നടന്നത് കല്യാണ രാമന് സിനിമയെക്കാള്‍ വെല്ലുന്ന ട്വിസ്റ്റായിരുന്നു. കടവന്ത്രയിലെ ക്ഷേത്രത്തില്‍ ഞായറാഴ്ച ആയിരുന്നു താലികെട്ട്.
വധുവിൻ്റെ വീടു സ്ഥിതിചെയ്യുന്ന പനങ്ങാട്ടെ ഹാളില്‍ ആയിരുന്നു സല്‍ക്കാരം. രാവിലെ കെട്ടു കഴിഞ്ഞ് വധുവരന്മാര് ഹാളില്‍ എത്തിയപ്പോഴാണ് സദ്യയില്ലെന്ന കാര്യം വധുവിൻ്റെ ടീം അറിയുന്നത്. 900 പേരുടെ സദ്യയായിരുന്നു വധുവിൻ്റെ വീട്ടുകാര്‍ ഏര്‍പ്പാടാക്കിയത്. സദ്യവട്ടങ്ങളുടെ ഒരുക്കം നോക്കാന്‍ പാചക പുരയില്‍ എത്തിയ ബന്ധുക്കള്‍ ഞെട്ടി. പാചകപ്പുരയില്‍ പച്ചക്കറികള്‍ എല്ലാം തന്നെ അരിഞ്ഞ് വെച്ചിട്ടുണ്ട്. പക്ഷേ ഒന്നും തന്നെ പാചകം ചെയ്തിട്ടില്ല. ഉടന്‍ തന്നെ ബന്ധുക്കള്‍ സന്ധ്യക്ക് ഏല്‍പ്പിച്ച പാചകക്കാരനെ വിളിച്ചെങ്കിലും ആള് ഫോണെടുത്തില്ല. ഉടന്‍ അയാളുടെ സഹായികളെ വിളിച്ചു. എന്നാല്‍ ആശാന് നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നില്ലെന്നായിരുന്നു അവരുടെ മറുപടി.
പ്രതിസന്ധി അറിഞ്ഞ അവിടുത്തെ റസിഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍ കാര്യത്തില്‍ ഇടപെട്ടു. ഉടന്‍ തന്നെ അവര്‍ പ്രദേശത്തെ എല്ലാ ഹോട്ടലുകളിലേക്കും കാറ്ററിങ്ങ് സര്‍വ്വീസുകളിലേക്കും ബന്ധപ്പെട്ട് കിട്ടാവുന്നത്ര സദ്യ കല്യാണ ഹാളിലേക്ക് എത്തിച്ചു. സദ്യ ഇല്ലെന്ന് പറഞ്ഞ് കുറേ പേര് മടങ്ങി പോയെങ്കിലും സദ്യക്ക് പകരം ബിരിയാണി എത്തിയതോടെ സംഭവം കുശാല്‍. വരന്റെ പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക് മരടിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ ഭക്ഷണം ഏര്‍പ്പാടാക്കിയെങ്കിലും ബന്ധുക്കള്‍ നിജസ്ഥിതി മനസ്സിലായതോടെ പ്രശ്നമാക്കാതെ വധുവിന്റെ വീട്ടുകാരുമായി സഹകരിച്ചു കാര്യങ്ങള്‍ മംഗളമാക്കി. 50,000 രൂപ അഡ്വാന്‍സ് കൈപ്പറ്റിയാണ് പാചകക്കാരന് സദ്യയൊരുക്കാമെന്നേറ്റത്. ധനനഷ്ടത്തിനും മാനഹാനിക്കും പാചകക്കാരനില്‍നിന്നു 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പനങ്ങാട് പൊലീസില്‍ പരാതി നല്കി. പരാതിയെ തുടര്‍ന്ന് പൊലീസ് കേറ്ററിങ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
വിവാഹത്തിന്ശേഷം പാചകക്കാരനെ കാണാതായി; സംഭവമറിഞ്ഞ വധുവിൻ്റെ മാതാപിതാക്കള്‍ ബോധം കെട്ടുവീണു; വിവാഹസദ്യയുണ്ണാന്‍ ഹാളിലെത്തിയ ബന്ധുക്കള്‍ കണ്ടത്