വിവാദങ്ങള്‍ക്ക് വിട; കമലിന്റെ ‘ആമി’ യില്‍ തിളങ്ങാന്‍ ഇനി മഞ്ജു വാര്യര്‍.

  • Post category:news
  • Reading time:1 min read
You are currently viewing വിവാദങ്ങള്‍ക്ക് വിട; കമലിന്റെ ‘ആമി’ യില്‍ തിളങ്ങാന്‍ ഇനി മഞ്ജു വാര്യര്‍.

കൊച്ചി: മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജിവിതം അനാവരണം ചെയ്യുന്ന ‘ആമി’ യുടെ ചിത്രീകരണം ഈ മാസം 24-ന് തുടങ്ങും. നാലപ്പാട്ടെ കമലയായും ആമിയായും കമലാ സുരയ്യയായും കമലാ ദാസായും മലയാളികളുടെ ഹൃത്തടത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മാധവിക്കുട്ടിയുടെ സ്‌നേഹാര്‍ദ്രവും വിഷാദ മധുരവുമായ ജീവിതം പകര്‍ത്തിക്കാട്ടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അനുഗൃഹീതനായ കമലാണ്. അങ്ങനെ കമലയുടെ കഥ ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകര്‍ക്കായി അഭ്രകാവ്യമായി സാക്ഷാത്കരിക്കാന്‍ നിയോഗം ലഭിച്ചത് കമലിനാണ്! മാധവിക്കുട്ടിയായി അഭിനയിക്കാന്‍ പ്രമുഖ നടി വിദ്യാബാലനെയാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അവര്‍ പിന്നീട് ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

മാധവിക്കുട്ടിയുടെ റോള്‍ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മഞ്ജുവാര്യരുടെ കൈയ്യില്‍ ഭദ്രമായിരിക്കുമെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് കമല്‍ മഞ്ജുവിനെ മാധവിക്കുട്ടിയെ അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്തത്. ഒറ്റപ്പാലമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മാധവിക്കുട്ടിയുടെ ജന്മനാടായ പുന്നയൂര്‍ കുളത്തെ അവിസ്മരണീയമായ ഓര്‍മ്മകള്‍ പൂത്തുലഞ്ഞ നീര്‍മാതളത്തിന്റെ ചുവട്ടില്‍ നിന്നാണ് ‘ആമി’യുടെ ഹൃദയ സ്പര്‍ശിയായ കഥയുടെ ചുരുള്‍ നിവരുന്നത്. വിദ്യാബാലന്‍ പിന്‍മാറിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതോടെ അവസാനിക്കുകയാണെന്നും കരുത്തുറ്റ കലാകാരിയായ മഞ്ജു വാര്യര്‍ ‘ആമി’യെ അവിസ്മരണീയമാക്കുമെന്നും കമല്‍ പറഞ്ഞു. താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് മഞ്ജു വാര്യര്‍ ഇതിനകം ആഴത്തില്‍ പഠിച്ചു കഴിഞ്ഞു. മലയാള സിനിമയില്‍ കമലിന്റെ ‘ആമി’ മറ്റൊരു നാഴിക കല്ലായി മാറുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

0Shares