കാസര്‍കോട്: ഒരു എം.എല്‍.എ എന്ന നിലയില്‍ ഏറെ വ്യത്യസ്തനാണ് മഞ്ചേശ്വരം മണ്ഡലത്തിലെ ജനപ്രതിനിധിയായ പി.ബി അബ്ദുല്‍ റസാഖ്. എം.എല്‍.എ ആകുന്നതിന് മുമ്പ് വോട്ടര്‍മാരോട് ഒരുവാഗ്ദാനം മാത്രമേ നടത്തിയിരുന്നുള്ളൂ.
എം.എല്‍.എ ആയി നിയമസഭയിലേക്കയച്ചാല് സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന എന്റെ ശമ്പളം നിങ്ങള്‍ക്കിടയിലെ ആലംബഹീനരായ രോഗികള്‍ക്കും ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കും നല്‍കുമെന്നുമെന്ന വാഗ്ദാനമാണ് നടത്തിയത്. അത് ഇതുവരേയും നല്കി വരികയായിരുന്നു. പലപ്പോഴും അദ്ദേഹം പറയുന്ന വാക്കുകള്‍ മറ്റു നേതാക്കളെയും അല്‍ഭുതപ്പെടുത്തിയിരുന്നു.
പണമുണ്ടാക്കാനല്ല ഞാന്‍ മത്സരിക്കുന്നത്. എന്നെ വിശ്വസിച്ചേല്‍പ്പിച്ച ഈ അംഗീകാരം ദുര്‍വിനിയോഗം ചെയ്യാനുമില്ല. നാടിന്റെ നന്മയ്ക്കും വളര്‍ച്ചക്കും മനസറിഞ്ഞ് പ്രവര്‍ത്തിച്ചതിന്റെ അംഗീകാരമാണ് ജനങ്ങള്‍ തന്നെ വിജയിപ്പിച്ചതെന്ന് അദ്ദേഹം തന്നെ പറയുന്നു. കാസര്‍കോടിന്റെ വികസനത്തില്‍ അബ്ദുല്‍റസാഖ് സാഹിബിന്റെ കയ്യൊപ്പുണ്ട്. സമൂഹത്തിനും സമുദായത്തിനും അവശര്‍ക്കും വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മുസ്ലിം ലീഗിന്റെ നയ നിലപാടുകള്‍ മുറുകെ പിടിച്ച് പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ട് പോയിരുന്നു. മഞ്ചേശ്വരത്ത് സംഘ്പരിവാറിന്റെ പണക്കൊഴുപ്പിനെയും പ്രചാര വേലകകളെയും ജനകീയതകൊണ്ട് മറികടന്ന നേതാവായിരുന്നു.
മഞ്ചേശ്വരത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന മഞ്ചേശ്വരം താലൂക്ക് ഉള്‍പ്പടെ 7 വര്‍ഷംകൊണ്ട് ആയിരത്തില്‍പരം കോടി രൂപയുടെ വികസനമെത്തിക്കാന്‍ പിബിക്ക് കഴിഞ്ഞിരുന്നു. ഏതു സാധാരണക്കാരനും ഏതു സമയത്തും സമീപിക്കാവുന്ന മാതൃകാ പൊതു പ്രവര്‍ത്തകനായിരുന്നു സ്നേഹത്തോടെ കാസര്‍കോട്ടുകാര്‍ വിളിച്ചിരുന്ന റദ്ദുച്ചയെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറയുന്നു. സംശുദ്ധതയും ലാളിത്യവും എളിമയും കര്‍മ്മ കുശലതയും ഒത്തൊരുമിച്ച നേതാവായിരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായപ്പോഴാണ് അദ്ദേഹത്തിന്റെ ഭരണ മികവും നേതൃപാടവവും കാസര്‍കോടിന് പുറത്തുള്ളവര്‍ക്കും ബോധ്യമായതെന്ന് തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
വിട പറഞ്ഞത് തുളുനാടിൻ്റെ ഹൃദയം തൊട്ടറിഞ്ഞ നേതാവ്; ആലംബഹീനരായ രോഗികള്‍ക്കു ആശ്വാസമായത് എം.എല്‍.എയുടെ ശമ്പളം