വാരാപുഴയിലെ ബി.ജെ.പി ഹര്‍ത്താല്‍; പൊലീസ് നോക്കിനില്‍ക്കെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍; പരീക്ഷ എഴുതാന്‍ പോയ കുട്ടികളെ കൊന്നുകളയുമെന്ന് പരസ്യ ഭീഷണി; കിലോമീറ്ററുകളോളം വാഹനങ്ങള്‍ തടഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing വാരാപുഴയിലെ ബി.ജെ.പി ഹര്‍ത്താല്‍; പൊലീസ് നോക്കിനില്‍ക്കെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍; പരീക്ഷ എഴുതാന്‍ പോയ കുട്ടികളെ കൊന്നുകളയുമെന്ന് പരസ്യ ഭീഷണി; കിലോമീറ്ററുകളോളം വാഹനങ്ങള്‍ തടഞ്ഞു

വാരാപ്പുഴ: വാരാപ്പുഴയില്‍ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക ആക്രമങ്ങള്‍. പരീക്ഷ എഴുതാന്‍ പോയ കുട്ടികളെ പോലും ഹര്‍ത്താലനകൂലികള്‍ കടത്തിവിട്ടില്ല. ഇവരെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോള്‍. പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ദേശീയപാതയിലൂടെ എത്തിയ യുവാവിനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് പൊലീസുകാര്‍ കയ്യും കെട്ടി നോക്കിനില്‍ക്കവേയാണ്.


വരാപ്പുഴ ദേവസ്വംപാടം ഷേണായിപറമ്പ് രാമകൃഷ്ണ​​​​ന്‍റെ മകന്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ്‌ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടത്. മരണം വിവാദമായതിനെ തുടര്‍ന്ന് ഡി.ജി.പി സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും രൂക്ഷമായാണ് പൊലീസ് നടപടിക്കെതിരെ നിലകൊണ്ടത്.

വെള്ളിയാഴ്ച രാത്രിയോടെ വീട്ടില്‍നിന്ന് കസ്​റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് മര്‍ദനത്തെത്തുടര്‍ന്നാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റിരുന്ന ശ്രീജിത്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ വാസുദേവന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പത്താംപ്രതിയാണ് ശ്രീജിത്ത്.

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം വീട്ടില്‍നിന്ന് ശ്രീജിത്തിനെ കസ്​റ്റഡിയിലെടുത്തത്. ഭാര്യയും മാതാവും കാര്യം അന്വേഷിച്ചപ്പോള്‍ പൊലീസാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇരുവരും പുറത്തേക്കിറങ്ങിചെല്ലുമ്പോള്‍ സംഘം റോഡിലിട്ട് ശ്രീജിത്തിനെ മര്‍ദിക്കുകയായിരുന്നു. ഇരുവരും ബഹളംവെച്ചതോടെ പൊലീസ് ജീപ്പിലിട്ട് കൊണ്ടുപോയി. ശനിയാഴ്ച മറ്റുപ്രതികള്‍ക്കൊപ്പം റിമാന്‍ഡ് ചെയ്യാന്‍ മജിസ്ട്രേറ്റിന്​ മുന്നിലെത്തിച്ചെങ്കിലും സമയം കഴിഞ്ഞതിനാല്‍ നിരസിച്ചു. തുടര്‍ന്ന് വരാപ്പുഴ ജയിലിലേക്ക്​ കൊണ്ടുപോകുകയായിരുന്നു.

0Shares