വിദ്യാനഗര്‍: നെല്ലിക്കട്ടയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സുഹ്റ(48)യുടെ മരണവുമായി ബന്ധപ്പെട്ട് ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരേ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പ്രതി എടനീര്‍ കാനം ഹൗസിലെ കെ. മുഹമ്മദി(42)നെ വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്ത് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് സുഹ്റയെ പരിക്കുകളോടെ റോഡരികില്‍ വീണ് കിടക്കുന്നത് കണ്ടത്. പിന്നീട് ചെങ്കളയിലെ ആശുപത്രിയില്‍ നാട്ടുകാരെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വിട്ള ഉക്കടയിലേക്ക് ജെല്ലിപ്പൊടി കയറ്റാന്‍ പോകുന്നതിനിടെയാണ് ടിപ്പര്‍ ലോറി സുഹ്റയെ ഇടിച്ചത്. അപകടം ശ്രദ്ധയില്‍പെട്ടിട്ടും പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിക്കാനോ പരിചരിക്കാനോ ശ്രമിക്കാത്തതിനാണ് ലോറി ഡ്രൈവര്‍ മുഹമ്മദിനെതിരെ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന 304 വകുപ്പ് പ്രകാരം കേസെടുത്തത്.
വിട്ളയില്‍ നിന്ന് ജെല്ലിപ്പൊടി കയറ്റി പിടിക്കപ്പെടാതിരിക്കാനായി മുഹമ്മദ് ഉപ്പള കൈക്കമ്പ വഴിയാണ് ടിപ്പര്‍ ലോറി ഓടിച്ചത്. പരിസരവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലോറിയെ സംശയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടിപ്പര്‍ ലോറിയും ഡ്രൈവറും പിടിയിലാവുന്നത്. പ്രതിയെ വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.
ലോറിയിടിച്ചത് ശ്രദ്ധയില്‍ പെട്ടിട്ടും വീട്ടമ്മയെ രക്ഷിക്കാതെ ഓടിച്ചുപോയി; നെല്ലിക്കട്ടയിലെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഇടിച്ചിട്ട ലോറി ഡ്രൈവര്‍ക്കെതിരേ നരഹത്യക്കും 304 വകുപ്പു പ്രകാരവും കേസെടുത്തു