റഷ്യ: ലോക ഫുട്ബോള്‍ പ്രേമികളുടെ കണ്ണും കാതും ഇനി റഷ്യയിലെക്ക്. ഇനിയുള്ള നാളുകളില്‍ ലോകത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശത്തിന്റെയും ആഘോഷത്തിന്റെയും ദിനങ്ങളാണ്. ജൂണ്‍ 14ന് റഷ്യന്‍ മൈതാനിയില്‍ പന്ത് ഉരുളുന്നത് കാത്തിരിക്കുകയാണ് ലോകം. ആരാധകര്‍ മത്സരത്തിന്റെ ആഘോഷങ്ങള്‍ നേരത്തെ തുടങ്ങി കഴിഞ്ഞു. ഇതിനെല്ലാം പുറമെ ആവേശത്തിന് മാറ്റുക്കൂട്ടാന്‍ 2018 ലെ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമെത്തി. പ്രമുഖ സംഗീതജ്ഞനും ഗായകനുമായ നിക്കി ജാമാണ് ‘ലീവ് ഇറ്റ് അപ്പ്’ എന്ന ഗാനം ഒരുക്കിയിരിക്കുന്നത്.
നിക്കിക്കൊപ്പം ഗായിക ഇറ ഇസത്രെഫിയാണ് ഗാനമാലപിച്ചിരിക്കുന്നത്. അമേരിക്കന്‍ ഡിജെയും ഗാനരചയിതാവുമായ ഡിപ്ലോയുടേതാണ് വരികള്‍. ഹോളിവുഡ് താരം വില്‍ സ്മിത്തും ഗായിക ഇറ ഇസത്രെഫിയും ഗാനരംഗങ്ങളില്‍ നിറഞ്ഞു നില്ക്കുന്നു. ആരാധകരെ ആവേശം കൊള്ളിച്ച് ‘വക്കാ വക്കാ’, ‘വീ ആര് വണ്‍’, ‘കപ്പ് ഓഫ് ലൈഫ്’ എന്നീ മുന്‍കാല ഔദ്യോഗിക ഗാനങ്ങളെ കോര്‍ത്തിണക്കുന്നതാണ് ‘ലീവ് ഇറ്റ് അപ്പ്’. മൈതാനരംഗങ്ങളില് സ്മിത്തൊനൊപ്പം മെസിയുടെയും നെയ്മറിന്റെയും റൊണാള്‍ഡീഞ്ഞോയും എത്തുമ്പോള്‍ ആവേശം ഇരട്ടിയാണ്. വില്‍ സ്മിത്തിനെ പന്തു തട്ടാന്‍ റൊണാള്‍ഡീഞ്ഞോ പഠിപ്പിക്കുന്ന രംഗവും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരാധകര്‍ ഇതിനോടകം നെഞ്ചേറ്റിയ ഗാനം ലോകകപ്പിന്റെ ഉദ്ഘാടനവേദിയില്‍ അവതരിപ്പിക്കും. മാത്രമല്ല, ഗാനത്തിന്റെ മെയ്ക്കിങ്ങ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റായി കഴിഞ്ഞു.