
രാജ്യത്തിന്റെ ജി.ഡി.പിയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയ ഘട്ടത്തിൽ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ വിരാൾ ആചാര്യ രാജി വച്ചു. കാലാവധി തീരാൻ ആറുമാസം ബാക്കിനിൽക്കെയാണ് രാജി. 2017-ലാണ് റിസര്‍വ് ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളായി വിരാൾ ആചാര്യയെ നിയമിച്ചത്. ന്യൂയോര്‍ക്ക് സർവകലാശാലയിലെ ബിസിനസ് സ്കൂളില്‍ പ്രൊഫസറായിരുന്ന അദ്ദേഹം അവിടേക്ക് തന്നെ മടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിസർവ് ബാങ്കിന്റെ സ്വയം ഭരണ അവകാശത്തിൻ മേൽ കൈകടത്താൻ സർക്കാരിനെ അനുവദിക്കില്ലെന്ന് ഇക്കഴിഞ്ഞ ഒക്ടോബറിൽ ആചാര്യ വ്യക്തമാക്കിയിരുന്നു. ചില ബാങ്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടതോടെയായിരുന്നു അദ്ദേഹം തുറന്നടിച്ചത്.
സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിന് പിന്നാലെ ആചാര്യയും രാജിവെക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിയാൻ വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു ആചാര്യ ഇത്തരമൊരു തീരുമാനം എടുക്കാൻ എന്ന് വേണം മനസിലാക്കാൻ.
കേന്ദ്ര ബജറ്റ് അവതരണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വിരാൾ ആചാര്യ രാജിവെച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നു തീരുമാനം തന്നെയാണ് ആചാര്യയുടെ രാജി.
