റിമാന്റു തടവുകാരന്‍ പോലിസിനെ വെട്ടിച്ച് മുങ്ങി; പിടികിട്ടിയ ഊമയായ ബംഗാളിയെ പോലിസ് മണിക്കൂറോളം പീഡിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing റിമാന്റു തടവുകാരന്‍ പോലിസിനെ വെട്ടിച്ച് മുങ്ങി; പിടികിട്ടിയ ഊമയായ ബംഗാളിയെ പോലിസ് മണിക്കൂറോളം പീഡിപ്പിച്ചു

തിരുവനന്തപുരം: കൊല്ലം ജില്ലാ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി എത്തിച്ച ബംഗാളി യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോലീസിനെ വെട്ടിച്ചുകടന്നു. നസിമുള്‍ഹക്ക് എന്ന ബംഗാളി യുവാവാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി നഗരമാകെ അരിച്ചുപെറുക്കുന്നതിനിടെ പിടിയിലായ ഊമയായ ബംഗാളിയും പോലീസിനെ വട്ടം കറക്കി. പോലിസ് മണിക്കൂറോളം യുവാവിനെ പീഡനത്തിനിരയാക്കി വിട്ടയച്ചു. വെള്ളിയാഴ്ചയാണ് കൊല്ലം ജില്ലാ ജയിലില്‍നിന്ന് റിമാന്റ് തടവുകാരനായിരുന്ന നസിമുള്‍ ഹക്കിനെ മനോരോഗചികിത്സയ്ക്കായി പേരൂര്‍ക്കട മനോരോഗ ആശുപത്രിയില്‍ എത്തിച്ചത്. പേരൂര്‍ക്കടയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വയറുവേദന അനുഭവപ്പെട്ട ബംഗാളിയെ ജയില്‍ അധികൃതര്‍ വെള്ളിയാഴ്ച വൈകുന്നേരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോലീസ് കാവലില്‍ രണ്ടാം വാര്‍ഡില്‍ പ്രവേശിപ്പിച്ച ഇയാള്‍ ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കാവലുണ്ടായിരുന്ന പോലീസുകാരുടെ കണ്ണ് വെട്ടിച്ച് കടന്നുകളയുകയായിരുന്നു.കഞ്ചാവ് കേസിലാണ് ഇയാളെ കൊല്ലത്ത് പിടികൂടിയത്. നസിമുള്‍ ഹക്ക് രക്ഷപ്പെട്ടെന്ന് മനസിലാക്കിയ പോലീസുകാരന്‍ വിവരം പെട്ടെന്ന് ആശുപത്രിയിലെ എയ്ഡ് പോസ്റ്റിലും മെഡിക്കല്‍ കോളേജ് പോലീസ്‌സ്റ്റേഷനിലും അറിയിച്ചു. വിവരം അറിഞ്ഞയുടന്‍ ഇയാള്‍ക്കായി ആശുപത്രി പരിസരത്തും നഗരത്തിലും പോലീസിന്റെ തിരച്ചില്‍ തുടരുമ്പോഴാണ് ഉള്ളൂര്‍ ജംഗ്ഷനില്‍ നിന്ന് കൈത്തണ്ടയില്‍ ഇഞ്ചക്ഷന്‍ നീഡില്‍ ഘടിപ്പിച്ച നിലയില്‍ ഒരു ബംഗാളി യുവാവിനെ പൊലീസ് കണ്ടത്. പൊലീസിന്റെ ചോദ്യങ്ങളോട് മൗനം തുടര്‍ന്ന ഇയാളെ നസിമുള്‍ഹക്കാണെന്ന് കരുതി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെത്തിച്ച ഇയാള്‍ പോലീസിന്റെ ചോദ്യങ്ങളോട് ആംഗ്യഭാഷയിലൂടെയും ചുവരില്‍ചിത്രങ്ങള്‍ വരച്ചും പ്രതികരിച്ചതോടെയാണ് ഊമയാണെന്ന് മനസിലായത്. ഇതോടെ പ്രതി കിട്ടാത്തതിനുള്ള അരിശം തീര്‍ക്കാന്‍ വേണ്ടി പോലിസ് യുവാവിനെ പീഡനത്തിനിരയാക്കി വിട്ടയക്കുകയായിരുന്നുവെന്നാണ് വിവരം.

 

 

0Shares