റാസല്‍ ഖൈമ: വാഹനപകടത്തില്‍ മരണപ്പെട്ട നീലേശ്വരം സ്വദേശിനി തുയ്യത്ത് ഇല്ലം വീട്ടില്‍ ദിവ്യ (25)യുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. റാസല്‍ ഖൈമ കോര്‍കോര്‍ ഹച്ചിസണ്‍ കമ്പിനിയിലെ ജീവനക്കാരനും പട്ടാമ്പി സ്വദേശിയുമായ പ്രവീണിന്റെ ഭാര്യയും, തുയ്യത്തില്ലം ശങ്കരന്‍ ജലജ ദമ്പതികളുടെ മകളുമാണ് ദിവ്യ. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് റാസല്‍ ഖൈമ കറാനില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. തിരുവാതിര ആഘോഷിക്കാന്‍ വേണ്ടി ഷാര്‍ജയില്‍ പോയി തിരികെ വരുമ്പോള്‍ ആയിരുന്നു അപകടം. ദിവ്യയും ഭര്‍ത്താവ് പ്രവീണും രണ്ടു വയസുകാരന്‍ ദാക്ഷിനുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. പ്രവീണ്‍ ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. 
ഉടനെ തന്നെ ആംബുലന്‍സ് എത്തി ദിവ്യയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും യാത്രാ മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. പ്രവീണും ദാക്ഷിനും നിസാര പരിക്കുകളോടെ രക്ഷപെട്ടു. റാക് സൈഫ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തികരിച്ചു ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും. റാസല്‍ ഖൈമ കാറാന്‍ റൗണ്ടോബോട്ടിനടുത്തുള്ള യാസ്മീന്‍ വില്ലേജില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്.