റവന്യൂ മന്ത്രിയുടെ വില്ലേജിൽ കയ്യേറ്റം നടന്നിട്ടും ഉദ്യോഗസ്ഥര്‍ക്ക് അനക്കമില്ല; നടപടി ആവശ്യപ്പെട്ട് പ്രവാസി കുടുംബം കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഒഫീസുകളില്ല; എന്തേ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇങ്ങിനെ..?

  • Post category:news
  • Reading time:3 mins read
You are currently viewing റവന്യൂ മന്ത്രിയുടെ വില്ലേജിൽ കയ്യേറ്റം നടന്നിട്ടും ഉദ്യോഗസ്ഥര്‍ക്ക് അനക്കമില്ല; നടപടി ആവശ്യപ്പെട്ട് പ്രവാസി കുടുംബം കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഒഫീസുകളില്ല; എന്തേ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇങ്ങിനെ..?

കാസർകോട്: ഏതൊരു സാധാരണ മലയാളിയെയും പോലെ ഒരാള്‍ ആയിരുന്നു കാസര്‍കോട് ബണ്ടിച്ചാല്‍ സ്വദേശിയായ ബി.എ ഇസ്മായില്‍ എന്ന യുവാവ്. രാഷ്ട്രീയവും, സര്‍ക്കാര്‍ ഓഫീസുകളിലെ കാല താമസങ്ങളും ഒക്കെ അയാള്‍ക്ക് കേള്‍വികള്‍ മാത്രമായിരുന്നു. തന്റെ പേരില്‍ ഉള്ള ഭൂമിയില്‍ അയല്‍വാസികള്‍ മതില്‍ കെട്ടി വഴിയുണ്ടാക്കുന്നത് വരെ. അതിന് ശേഷം, കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഇയാള്‍ക്ക് സംഭവിച്ച മാറ്റങ്ങള്‍ ഭൂനിയമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരെയും കവച്ചുവെക്കുന്നതാണ്.

നിയമ പോരാട്ടങ്ങളുടെ നാൾവഴികളിൽ ഇസ്മായീലിന് നഷ്ടമായത് വിദേശത്തുണ്ടായിരുന്ന മികച്ച ജോലിയാണ്. കേസ് നടത്താൻ നാട്ടിൽ തുടർച്ചയായി വരേണ്ടി വന്നു എന്നത് ഇയാളുടെ ശരീരത്തിനെയും മനസിനെയും ഒരേപോലെ തളർത്തി. മൂന്ന് മക്കൾ ഉൾപ്പെടെ കുടുംബ സമേതം വിദേശത്തുതാമസമാക്കിയ സമയത്താണ് ഇസ്മായീലിന് കേസിനായി നാട്ടിലേക്ക് വരേണ്ടിവന്നത്.

തന്‍റെ ഭൂമി തിരികെ നേടാന്‍ ഈ യുവാവ് വില്ലേജ് ഒഫീസുമുതല്‍ മുഖ്യമന്ത്രി വരെയുള്ളവരെ ഇക്കാലയളവില്‍ കണ്ടു. പരാതികള്‍ നല്‍കി, കേസുകളും വിവരാവകാശനിയമങ്ങളും ഉപയോഗപ്പെടുത്തി. നിയമ പോരാട്ടങ്ങളില്‍, പേപ്പറുകളില്‍ കയ്യേറ്റഭൂമി ഇസ്മായിന്റെ എന്ന് തന്നെ എല്ലാ രേഖകളും വ്യക്തമാക്കുന്നു. പക്ഷെ, ഭൂമി ഇപ്പോഴും കൈവശം വെക്കുന്നതും അനുഭവിക്കുന്നതും മേല്‍പടി പറഞ്ഞ കയ്യേറ്റക്കാര്‍ തന്നെ. ഇതെങ്ങിനെ സംഭവിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരമാണ് നമ്മുടെ നിയമ/ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ പോരായ്മകള്‍ മനസിലാകുന്നത്.

കാസര്‍കോട് ജില്ലയില്‍ തെക്കില്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 142/ 1ല്‍ പെട്ട ഒരേക്കര്‍ സ്ഥലം എല്‍.എ 57/ 88 തെക്കില്‍ പ്രകാരം ഇസ്മായീലിന്റെ ഉമ്മയായ യു.ബി ആയിഷയ്ക്ക് 1988 ൽ സര്‍ക്കാര്‍ പട്ടയം നല്‍കിയതാണ്. ഈ ഭൂമിയില്‍ നിന്നും അവര്‍ തന്‍റെ അഞ്ച് മക്കള്‍ക്ക് ഭൂമി വീതിച്ചു നല്‍കി. ഇതില്‍ ഇളയ മകനായ ഇസ്മായീലിന് 0.26 ഏക്കര്‍ ആണ് നല്‍കിയത്. ഇയാള്‍ പന്ത്രണ്ട് വര്‍ഷക്കാലം വിദേശത്ത് ജോലിയുമായി കുടുംബ സമേതം താസിക്കുകയായിരുന്നു. തന്‍റെ ഭൂമിക്ക് വില്ലേജില്‍ കരം അടയ്ക്കുകയും ചെയ്തുപോന്നു. നിലവില്‍ ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം സമർപ്പിക്കാൻ ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റിനായി വില്ലേജിൽ ഇസ്മായീൽ സമീപിച്ചിരുന്നു. അപ്പോൾ ലഭിച്ച മറുപടി 0.26 ഭൂമിയിലെ 0. 10 ഏക്കര്‍ സ്ഥലം നിലവില്‍ ഇസ്മായീലിന്റെ കൈവശം അല്ല എന്നും അത് മനസിലായതിനാല്‍ കരം വാങ്ങാല്‍ സാധിക്കില്ല എന്നുമായിരുന്നു. പക്ഷെ, 2016 – 17 വർഷത്തെ കരം അടച്ച രസീത് വരെ ഇയാളുടെ കൈവശം ഉള്ളപ്പോഴാണ് വൈരുദ്ധ്യമായ മറുപടി വില്ലേജിൽ നിന്നും നൽകുന്നത്.

മാത്രമല്ല, നിലവില്‍ ഉള്ള പ്ലാന്‍ പ്രകാരം സര്‍വേ നടത്തിയപ്പോള്‍ 0.94 (3/4) ഏക്കര്‍ സ്ഥലം മാത്രമാണ് കണ്ടെത്താന്‍ ആയത് എന്നും പറയുന്നു. ഒരേക്കറില്‍ ബാക്കി സ്ഥലം എവിടെ എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്, ഇവരുടെ അയല്‍ വാസികള്‍ കയ്യേറി മതില്‍ കെട്ടുകയും അനുഭവിക്കുകയും ചെയ്യുന്ന ഭൂമിയാണ്‌ ഇവരുടെ പക്കല്‍ നിന്നും കുറവ് വന്നിട്ടുള്ളത്. വില്ലേജ് ഓഫീസില്‍ നിന്നും പറയുന്നത് അയല്‍ വാസികള്‍ കയ്യേറിയത് സര്‍ക്കാര്‍ ഭൂമി ആണ് എന്നാണ്. എങ്കില്‍ തങ്ങളുടെ ഒരേക്കര്‍ ഭൂമിയിലെ ബാക്കി എവിടെ എന്ന ചോദ്യത്തിന് അവിടെ നിന്നും ഉത്തരം ലഭിക്കുന്നും ഇല്ല.

അയല്‍ വാസികള്‍ കയ്യേറിയത് സര്‍ക്കാര്‍ ഭൂമി എങ്കില്‍ അത് ഒഴിപ്പിക്കാനും ഇതുവരെ അധികാരികള്‍ തയ്യാറായിട്ടില്ല. നിലവില്‍ ഇവരുടെ പ്രദേശത്ത് ഇവരുടെ ഒരേക്കര്‍ ഭൂമി കഴിഞ്ഞാല്‍ ബന്ധപ്പെട്ട് നില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമിയല്ല, പി.ഡബ്ലു. ഡി ഭൂമിയാണ്‌. അതുകൊണ്ട് തന്നെ കയ്യേറിയത് സര്‍ക്കാര്‍ ഭൂമിഎങ്കില്‍ അത് ഇസ്മായീലിന്റെ പേരിലുള്ള ഭൂമി ആണ് എന്നത് വളരെ വ്യക്തമാണ്. പക്ഷെ ഇവിടെ നടന്നത് മറ്റൊരു തിരിമറിയാണ്.

ഇസ്മായീല്‍ ആദ്യം വില്ലേജ് ഓഫീസില്‍ നിന്നും സ്വീകരിച്ച സ്കെച്ചില്‍ പ്രസ്തുത ഭൂമി 142/ 1 E ആയിരുന്നു. എന്നാല്‍ ഭൂമിയില്‍ അവകാശ തര്‍ക്കം വന്നതിന് ശേഷം ലഭിച്ച സ്കെച്ചില്‍ 142/ 1 D1, D2, D3 എന്നിങ്ങിനെയാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് രേഖയില്‍ കൃത്രിമം കാണിച്ചതാണെന്ന് ഇസ്മായീല്‍ പറയുന്നു. ഇത് സ്ഥാപിക്കാനുള്ള തെളിവുകളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. നിലവിൽ തെക്കിൽ വില്ലേജിലെ വില്ലേജ് ഓഫീസർ 142/ 1 D1, D2, D3 എന്ന് രേഖപ്പെടുത്തിയ ഭൂമി, മുൻ വില്ലേജ് ഓഫീസറുടെ കാലത്തിൽ സ്കെച് നൽകിയപ്പോൾ ഇത്തരത്തിൽ വേർതിരിച്ചിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോഴുള്ള വില്ലേജ് ഓഫീസർ കയ്യേറ്റക്കാർക്ക് കൂട്ട് നിന്ന് തന്റെ അധികാര ദുർവിനിയോഗമാണ് ഇവിടെ നടത്തുന്നത് എന്നാണു വ്യക്തമാവുന്നത്. ഇസ്മായീൽ തന്റെ ഭൂമി തിരികെ കിട്ടുന്നതിനായി മേൽ ഉദ്യോഗസ്ഥരുടെ സമീപം പരാതിയുമായി പോകുകയും അവർ വില്ലേജിലേക്ക് വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുള്ളതാണ്. മേൽ ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണങ്ങളിൽ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആണ് വില്ലേജ് ഓഫീസർ മറുപടി നൽകിയത് എന്നും വ്യക്തമായിട്ടുണ്ട്.

ഗത്യന്തരമില്ലാതെ ഒടുവിൽ ഇസ്മായീലിന് ആത്മഹത്യാ ഭീഷണി വരെ മുഴക്കേണ്ടി വന്നു. നാല് മാസം മുൻപ് കാസർകോട് കളക്ട്രേറ്റിൽ നടന്ന സംഭവം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. പ്രശ്നങ്ങൾ എല്ലാം വേഗം പരിഹരിക്കാം എന്ന ഉറപ്പ് നൽകിയാണ് ഉദ്യോഗസ്ഥർ അന്ന് ഇയാളെ പിന്തിരിപ്പിച്ചത്.  ആത്മഹത്യാ ഭീഷണിയുടെ പേരില്‍ പോലീസ് സ്വാഭാവികമായി എടുക്കേണ്ട കേസ് പോലും ഇയാൾക്കെതിരെ ചാർജ് ചെയ്യപ്പെട്ടില്ല എന്ന് ഇസ്മായീൽ ചാനൽ ആർ. ബിയോട് പറഞ്ഞു. ഇതെല്ലാം തെളിയിക്കുന്നത് ഭൂമിയെ സംബന്ധിച്ച രേഖകളെല്ലാം തനിക്ക് അനുകൂലമാണ് എന്നതിന് തെളിവെന്നാണ് ഇസ്മായീൽ പറയുന്നത്.

നിലവിൽ തർക്ക ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജില്ലാ കളക്ടറെ പരാതിയുടെ അറിയിക്കുകയും കളക്ടർ സ്ഥലം സന്ദർശിക്കുകയും ചെയ്തു. തുടർന്ന് രേഖകൾ ശരിയാണെന്ന് ബോധ്യപ്പെട്ട കളക്ടർ ഈ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ ഈ ഉത്തരവ് ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ചാനൽ ആർ.ബി പ്രതിനിധി ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടപ്പോൾ , വിഷയം ഗൗരവമുള്ളതാണെന്നും ഇതിന്മേലുള്ള തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നും അറിയിച്ചു. ഇപ്പോൾ ജില്ലാ കളക്ടറുടെ കനിവിനായി കാത്തിരിക്കുകയാണ് നിസ്സഹായനായ ഈ യുവാവ്.

 

 

0Shares