
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം നാളെ അറിയാം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച കോണ്‍ഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളെക്ക് മാറ്റിയതാണ് കാരണം. അതേപോലെ തന്നെ, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഇന്നത്തെ വാര്‍ത്താസമ്മേളം റദ്ദാക്കി. ഇന്ന് രാവിലെ 11 മണിയ്ക്ക് മുല്ലപ്പള്ളി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു.

കോണ്‍ഗ്രസ് ദേശീയ നേത്രുത്വത്തിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടാല്‍ മതിയെന്നാണ് പുതിയ തീരുമാനം. കേരളത്തില്‍ നിന്നുള്ള രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇന്ന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നത്.
എന്നാല്‍, വയനാട് ലോക്‌സഭാ സീറ്റില്‍ നിന്ന് മത്സരിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുല്‍ഗാന്ധിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി പ്രവര്‍ത്തകസമിതി അംഗവുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു.
