
തിരുവനന്തപുരം: ഇന്ത്യാ മഹാരാജ്യത്ത് എന്തിനും ഏതിനും ഒന്നാമതെന്ന് അവകാശമുന്നയിക്കുന്ന കേരള സംസ്ഥാനത്തിലെ ഒരു അവശകലാകാരന്‍ എഴുതുന്ന തുറന്ന കത്ത് എന്ന മുഖവുരയിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് സിനിമാ സംവിധായകൻ സനൽ കുമാർ ശശിധരൻ എഴുതിയ കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. “അര്‍ദ്ധരാത്രിയില്‍ സ്ത്രീകള്‍ റോഡില്‍ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിക്കുന്ന കേരളമാണ് തന്റെ സ്വപ്നമെന്ന് ബഹുമാനപ്പെട്ട ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞതായി വായിച്ചു. എത്ര വിരോധാഭാസമെന്ന് തോന്നിയെങ്കിലും അദ്ദേഹം അങ്ങനെ സ്വപ്നം കാണുന്നുണ്ടല്ലോ എന്നാലോചിച്ചപ്പോള്‍ ഒരു സന്തോഷമൊക്കെ ഉണ്ടായതുകൊണ്ടും അദ്ദേഹത്തിന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കാന്‍ വിഘാതമായി നില്‍ക്കുന്ന ചില മാനസികാവസ്ഥകളെ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തണമെന്നു കരുതിയതുകൊണ്ടുമാണ് ഇങ്ങനെ എഴുതുന്നത്…” എന്ന് സംവിധായകന്‍ പറയുന്നു.

സനല്‍ കുമാര്‍ ശശിധരന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കത്തിന്റെ പൂര്‍ണ്ണരൂപം:
ബഹുമാനപ്പെട്ട മുഖ്യമന്ത്രി വായിച്ചറിയാൻ,
ഇന്ത്യാ മഹാരാജ്യത്തിൽ എന്തിനും ഏതിനും ഒന്നാമതെന്ന് അവകാശമുന്നയിക്കുന്ന കേരളാസംസ്ഥാനത്തിലെ ഒരു അവശകലാകാരൻ എഴുതുന്ന തുറന്ന കത്ത്. അർത്ഥരാത്രിയിൽ സ്ത്രീകൾ റോഡിൽ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിക്കുന്ന കേരളമാണ് തന്റെ സ്വപ്നമെന്ന് ബഹുമാനപ്പെട്ട ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞതായി വായിച്ചു. എത്ര വിരോധാഭാസമെന്ന് തോന്നിയെങ്കിലും അദ്ദേഹം അങ്ങനെ സ്വപ്നം കാണുന്നുണ്ടല്ലോ എന്നാലോചിച്ചപ്പോൾ ഒരു സന്തോഷമൊക്കെ ഉണ്ടായതുകൊണ്ടും അദ്ദേഹത്തിന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കാൻ വിഘാതമായി നിൽക്കുന്ന ചില മാനസികാവസ്ഥകളെ അങ്ങയുടെ ശ്രദ്ധയിൽ പെടുത്തണമെന്നു കരുതിയതുകൊണ്ടുമാണ് ഇങ്ങനെ എഴുതുന്നത്.
1. പലകാര്യത്തിലും വലിയ പുരോഗമനമൊക്കെ സത്യസന്ധമായി അവകാശപ്പെടുന്നുണ്ട് നമ്മളെങ്കിലും തുറസായ സാമൂഹിക ജീവിതത്തെക്കുറിച്ച് അടഞ്ഞതും ഇടുങ്ങിയതുമായ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്ന ഒരു പ്രാകൃത മാനസികാവസ്ഥയുള്ള സമൂഹമാണ് നമ്മൾ എന്നത് അംഗീകരിച്ചുകൊണ്ട് മാത്രമേ ശ്രീ ബഹ്റയുടെ സ്വപ്നത്തിലേക്ക് നമുക്ക് നടന്നടുക്കാൻ കഴിയൂ.
2. രാത്രിയെ പേടിക്കുകയും പ്രണയം രതി തുടങ്ങിയ അവശ്യ ജീവിതചര്യകൾക്കായി ഇരുട്ടിനെ കാത്തിരിക്കുകയും ചെയ്യുന്ന ഒരു പാരന്പര്യം അണമുറിയാതെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ജനതയാണ് നാം. ഇരുട്ടായാൽ പൊതുനിരത്തുകളിൽ നിന്നും കുടുസുമുറികളിലേക്ക് ഓടിക്കയറി പകൽ മുഴുവൻ അടക്കിവെച്ചിരുന്ന ജൈവചോദനകളുടെ കെട്ടഴിച്ചു വിട്ടോളണം എന്നതാണ് പൊതുജന ചിന്ത. താന്താങ്ങളുടെ സ്വീകരണ മുറികളിൽ സ്വയം സ്വീകരിച്ചിരുത്തി ടെലിവിഷനുകളിലെ നെടുങ്കൻ ചർച്ചകൾ കണ്ട് രാഷ്ട്രീയ പ്രബുദ്ധത നിരന്തരം പുതുക്കുന്നതാണ് നമ്മുടെ വിനോദം. ഈ പൊതുമാനസികാവസ്ഥയെ പിന്തുണയ്ക്കുന്ന ക്രമസമാധാന പാലനമാണ് നമ്മുടെ പോലീസ് സേന നടപ്പാക്കുന്നത്. ഈ അവസ്ഥ മാറുകയും രാത്രിയെ കള്ളന്മാർക്കും കുറ്റവാളികൾക്കുമായി റിസർവ് ചെയ്യുന്ന അവസ്ഥ പോലീസ് തന്നെ മാറ്റുകയും ചെയ്‌താൽ മാത്രമേ ബഹ്‌റിയൻ സ്വപ്നം അടുത്ത അൻപത് വർഷം കഴിഞ്ഞെങ്കിലും നടപ്പാവുകയുള്ളു.
3. സംപൂർണ വൈദ്യുതീകരണം ആദ്യം നടപ്പാക്കിയ സംസ്ഥാനമെന്ന് നമ്മൾ ഊറ്റം കൊള്ളുന്പോൾ നമ്മുടെ പൊതു നിരത്തുകളിലെ വഴിവിളക്കുകളുടെ അവസ്ഥ അങ്ങ് ഒന്നു വിലയിരുത്തേണ്ടതുണ്ട്. പൊതുവെ കുഴികൾ നിറഞ്ഞ വഴികളിൽ ഇരുട്ടിന്റെ ഭൂതത്താൻകെട്ടുകളാണ് ഇപ്പോളുള്ളത്. രാത്രിയെ യക്ഷികൾക്കും മാടൻ മറുതകൾക്കും മാറ്റിവെച്ചിരുന്ന നമ്മുടെ ജനത ഈ ഭൂതത്താൻ കെട്ടിനെ പേടിച്ച് ഐസ്ക്രീം എന്നല്ല പാൽപായസം വിളന്പിയാലും പുറത്തിറങ്ങാൻ പോകുന്നില്ല എന്ന് തിരിച്ചറിയണം. കത്തുന്ന വഴിവിളക്കുകളും വെളിച്ചമുള്ള പൊതുനിരത്തുകളും ഉറപ്പാക്കിയാലേ സ്വപ്നം നടപ്പാകുകയുള്ളു.
4. സിറ്റികളിലെങ്കിലും അങ്ങിങ്ങ് വെളിച്ചത്തിന്റെ തുരുത്തുകളായി നിൽക്കുന്നത് രാത്രിയിലെ വഴിയോരക്കച്ചവടക്കാരാണ്. അവരോട് ബഹ്‌റിയൻ പോലീസ് ചെയ്യുന്നതെന്തെന്ന് അങ്ങ് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. തിരുവനന്തപുരം (നഗരത്തിലെങ്കിലും) കാക്കിയിട്ട ക്രമസമാധാനം ചെയ്യുന്നത് പത്തുമണികഴിഞ്ഞാൽ ഈ വെളിച്ചത്തിന്റെ തുരുത്തുകൾ നിർബന്ധമായി അടപ്പിക്കുകയാണ്. രാത്രികളിൽ കടകളൊന്നും തുറന്നിരിക്കുന്നില്ല എന്നുറപ്പാക്കലാണ് തങ്ങളുടെ പ്രധാന ജോലിയെന്നവർ കരുതുന്നു. കടകളില്ലാതെ എങ്ങനെ സാർ, ഐസ്ക്രീം ഹൈവേയിൽ പൊഴിയുകയാണോ ചെയ്യുക?
5. രാത്രികാലങ്ങളിൽ പുറത്തിറങ്ങി നടക്കുന്ന ചെറുപ്പക്കാരെ നമ്മുടെ ക്രമസമാധാനം നോക്കുന്ന നോട്ടം കണ്ടാൽ പേടിയാകും സാർ. താടി വളർത്തിയിട്ടുണ്ടെങ്കിൽ, കമ്മലിട്ടിട്ടുണ്ടെങ്കിൽ, മുടിയിൽ നിറം പിടിപ്പിച്ചിട്ടുണ്ടെങ്കിൽ, ശരീരത്തിൽ ടാറ്റു കുത്തിയിട്ടുണ്ടെങ്കിൽ അവരൊക്കെ “കഞ്ചാവു കേസുകളോ” “മാവോയിസ്റ്റുകളോ” ആണെന്ന മാപ്പത്രനിരൂപണം മനഃപാഠമാക്കിയ പോലീസുകാർക്ക് എങ്ങനെയാണ് സർ രാത്രികളിൽ ഐസ്ക്രീം വിളയുന്ന നിരത്തുകൾ നിർമിക്കാനാവുക?
6. രാത്രികൾ എന്നാൽ കള്ളന്മാർക്കും പോലീസുകാർക്കും ഒളിച്ചുകളി നടത്താനുള്ള നാടകവേദിയാണെന്ന ആഭ്യന്തര-അലിഖിത നിയമം മാറുന്നതിന് എന്താണ് സാർ തടസം നിൽക്കുന്നത്? രാത്രികളെ ഊർജ്ജസ്വലമാക്കുന്നതും ജനസന്പർക്കമുള്ളതാക്കി മാറ്റുന്നതും ക്രൈം കുറയ്‌ക്കുകയാണ് ചെയ്‌യുക എന്നും മറിച്ചല്ല സംഭവിക്കുന്നതെന്നും ആദ്യം പറഞ്ഞു ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ പോലീസ് സേനയെ അല്ലെ സാർ?
7. പണിതീർന്ന പാലം മന്ത്രിയുടെ സൗകര്യം കിട്ടുന്നതുവരെ അടച്ചിടുന്നപോലെ ഒരു പാതിരാത്രിക്ക് തുറന്നുകൊടുക്കാവുന്നതല്ല നമ്മുടെ ബഹ്‌റിയൻ സ്വപ്നം. വെളിച്ചമുള്ള പൊതുവഴികളും പാർക്കുകളും ഉണ്ടാവുകയും രാത്രിയിൽ സ്വന്തം ഉറക്കം കളഞ്ഞ് വയറ്റുപിഴപ്പിനായി കച്ചവടം നടത്തുന്ന പാവം വഴിയോര കച്ചവടക്കാരനെ ആട്ടിയോടിക്കാതിരിക്കുകയും മുടി നീട്ടി വളർത്തിയെന്ന കാരണത്തിന് അനാവശ്യമായി പൗരനെ തുറിച്ചുനോക്കുന്നത് കുറ്റകരമായ ഭീഷണിയാണെന്ന് പൊലീസുകാരെ പഠിപ്പിക്കുകയും ചെയ്‌താൽ സ്വയം ഉണ്ടായിവരുന്നതാണ് സാർ ജീവനുള്ള രാത്രികൾ.
8. ഇതിലൊക്കെ ഉപരി മറ്റൊന്നുകൂടിയുണ്ട് സാർ. ജീവനുള്ള രാത്രികൾ ഉണ്ടാവണമെങ്കിൽ ജീവനുള്ള പകലുകളും ഉണ്ടാവേണ്ടിയിരിക്കുന്നു. പാർക്കുകളിലും പൊതുസ്ഥലങ്ങളിലും ഒന്നിച്ചിരിക്കുകയോ ചുംബിക്കുകയോ ചെയ്യുന്ന ആൺപെൺ സുഹൃത്തുക്കളെ ഭേദ്യം ചെയ്യുന്ന പകലുകളുള്ള ഒരു സമൂഹത്തിൽ, അടച്ച മുറികൾക്കുള്ളിൽ ചെയ്യുന്നത് പൊതുസ്ഥലത്ത് ചെയ്യുന്നു എന്ന് പുരോഗമിത നേതാക്കൾ തന്നെ ഭർത്സിക്കുന്ന ഒരു സമൂഹത്തിൽ രാത്രികളിൽ വിളയുന്ന ഐസ്ക്രീമിന് മധുരമുണ്ടാവില്ല സാർ. അന്യന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കി രതിനിർവൃതി കൊള്ളാൻ നിർബന്ധിതമാക്കുന്ന ലൈംഗീക ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു സമൂഹത്തെ തന്നെ സഹായിച്ചുകൊണ്ടു മാത്രമേ നമ്മുടെ ബഹ്‌റിയൻ സ്വപ്നം നടപ്പാക്കാൻ കഴിയുള്ളൂ സാർ.
9. പക്ഷെ ഇതൊന്നും ഇവിടെ നടപ്പാവില്ലെന്ന് കരുതി ആ വലിയ സ്വപ്നത്തെ അങ്ങ് തള്ളിക്കളയുകയും അരുത്. പുരോഗമന ആശയങ്ങൾ തത്വത്തിലെങ്കിലും ഉയർത്തിപ്പിടിക്കുന്ന സിപിഎം ഭരിക്കുന്പോഴെങ്കിലും ഈ സ്വപ്നത്തിലേക്ക് ചുവടുവെക്കാൻ നമ്മൾ ശ്രമിക്കേണ്ടതുണ്ട്. സംപൂർണ സാക്ഷരതയുള്ള, സംപൂർണ വൈദ്യുതിയുള്ള, രാഷ്ട്രീയ പ്രബുദ്ധതയുള്ള, ക്രൈം റേറ്റ് തീരെ കുറവായ നമുടെ നാട്ടിൽ ജീവനുള്ള രാത്രികൾ എന്തുകൊണ്ട് സംഭവിക്കുന്നില്ല എന്ന് ഏത് നിമിഷം ആര് തോക്കെടുത്ത് വെടിവെക്കുമെന്ന് ആളുകൾ എപ്പോഴും പേടിക്കുന്ന ലണ്ടനിലെയും ന്യൂയോർക്കിലെയും ഒക്കെ യുവത്വമവസാനിക്കാത്ത രാത്രികളിലൂടെ നടക്കുന്പോൾ ചിന്തിച്ചിട്ടുണ്ട്. എനിക്ക് കിട്ടിയിട്ടുള്ള ഉത്തരം ഒന്നു മാത്രമാണ് “സങ്കുചിതമായ ചിന്തകളുള്ള ഒരു പോലീസ് വകുപ്പ്”. ആ വകുപ്പിന്റെ മേധാവി തന്നെ ഇപ്പോൾ ഇങ്ങനെ സ്വപ്നം കാണുമ്പോൾ സത്യത്തിൽ വലിയ സന്തോഷവും അതിലെ വിരോധാഭാസത്തെക്കുറിച്ച് ആലോചനയും ഉണ്ടാകുന്നുണ്ട് എന്നത് സത്യം തന്നെ . പക്ഷെ അത് വെറും സ്വപ്നമായി ഒതുക്കാതിരിക്കാൻ നാം ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു സർ.
10. കുറിപ്പ് ഇത്തിരി നീണ്ടുപോയി. ഇത് അങ്ങ് ഒരിക്കലും വായിക്കില്ലെന്നും രാത്രികളെ എക്കാലത്തേക്കും റിസർവ് ചെയ്തിരിക്കുന്ന ക്രിമിനലുകളെയും പോലീസുകാരെയും നിരാശപ്പെടുത്തില്ലെന്നുമുള്ള വിശ്വാസത്തോടെ. നിർത്തുന്നു.
വിശ്വസ്തൻ
ഒപ്പ്
