
ലണ്ടന്‍: ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും രാജകീയ പദവികള്‍ ഉപേക്ഷിക്കുന്നതിനായി മാസങ്ങളായി ആവശ്യപ്പെട്ട തീരുമാനത്തിന് എലിസബത്ത് രാജ്ഞിയുടെ പച്ചക്കൊടി. ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും ഇനി രാജകീയ പദവികള്‍ ഇല്ലെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. ഇരുവരും രാജകീയപദവികള്‍ ഉപേക്ഷിക്കുന്നതിനൊപ്പം രാജകീയ ചുമതലകള്‍ക്കായി പൊതുപണം സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള പ്രസ്താവനയില്‍ കൊട്ടാരം അറിയിച്ചിട്ടുണ്ട്.

മാസങ്ങള്‍ നീണ്ട സംഭാഷണങ്ങള്‍ക്കും അടുത്തിടെ നടന്ന ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ തീരുമാനമെന്ന് എലിസബത്ത് രാജ്ഞി പ്രസ്താവനയില്‍ വ്യക്തമാക്കി. സസക്സ് പ്രഭു, പ്രഭ്വി എന്ന പദവികള്‍ വഹിച്ചിരുന്ന ഹാരിയും മേഗനും ആ പദവികൾ ഉപേക്ഷിച്ചതായാണ് വിവരം. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നതായാണ് പ്രസ്താവനയില്‍ രാജ്ഞി വ്യക്തമാക്കിയത്. എന്നാൽ അവർ താമസിക്കുന്ന ഇവരുടെ ബ്രിട്ടണിലെ വസതിയായി ഫ്രോഗ്മാന്‍ കോട്ടേജ് നിലനിര്‍ത്തുകയാണെന്നും കൊട്ടാരം അറിയിച്ചിട്ടുണ്ട്.

കിരീടാവകാശി ചാള്‍സിൻ്റെയും മുന്‍ ഭാര്യ ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകന്‍ ഹാരി 2016ലാണ് മേഗന്‍ മാര്‍കലിനെ മിന്നുകെട്ടിയത്. ഇതോടെ കൊട്ടാരത്തിലെ പ്രഭുവും പ്രഭ്വിയുമായി ഇരുവരും അവരോധിക്കപ്പെട്ടു. എന്നാൽ ജ്യേഷ്ഠന് വില്യവുമായി ചില അഭിപ്രായ ഭിന്നതകളുണ്ടായതായാണ് വിവരം. ഇത് പിന്നീട് വംശീയ അതിക്ഷേപത്തിലേക്ക് കടന്നു. ഇതോടെ ഹാരിയും കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലാവുകയും കൊട്ടാരത്തിൽ നിന്ന് പുറത്ത് പോകാൻ തീരുമാനിക്കുകയുമായിരുന്നു.

ഹാരിയുടെ ഭാര്യ മേഗൻ്റെ പിതാവ് വെള്ളക്കാരനാണെങ്കിലും ആഫ്രിക്കന്‍ അമേരിക്കക്കാരിയാണ് മാതാവ്. ഇതായിരിക്കാം പ്രശ്നങ്ങൾക്ക് കാരണം. കൊട്ടാരത്തിൽ നിന്നും പുതിയ തീരുമാനങ്ങൾ വന്നെങ്കിലും ഹാരിയുടെയും കുടുംബത്തിൻ്റെയും കാനഡയിലെ താമസം, സുരക്ഷ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൊട്ടാരം വ്യക്തമായ വിശദീകരണം ഇതുവരെ നല്‍കിയിട്ടില്ല. എന്നാൽ ഹാരിയും മേഗനും മകന്‍ ആര്‍ച്ചിയും എന്നും രാജകുടുംബത്തിലെ പ്രിയപ്പെട്ട അംഗങ്ങള്‍ തന്നെയായിരിക്കുമെന്നും ഇരുവരുടെയും ഇതുവരെയുള്ള സേവനങ്ങളെ പ്രകീര്‍ത്തിക്കുന്നതായും രാജ്ഞിയുടെ പേരിൽ പുറത്തു വന്ന പ്രസ്താവനയിൽ പറയുന്നു.
