
കൂടത്തായി കൊലപാതകപരമ്പരയിൽ ജോളിയുടെ പുതിയ മൊഴി പുറത്ത്. രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്ന് കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളി. ബി.എസ്.എന്‍.എൽ ജീവനക്കാരനായ ജോൺസണെ സ്വന്തമാക്കാനായാണ് ഷാജുവിനെ അപായപ്പെടുത്താന്‍ ആഗ്രഹിച്ചത്.
ജോൺസണുമായി വിവാഹം നടക്കാൻ ജോൺസന്റെ ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നും ജോളി പോലീസിന് മൊഴി നൽകി. രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ നേരത്തെ ജോളി സമ്മതിച്ചിരുന്നു. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബി.എസ്.എന്‍.എൽ ജീവനക്കാരന് ആണ് ജോൺസൺ. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോൺസൺ മൊഴി നൽകിയിരുന്നു.ആ സൗഹൃദത്തിലാണ് ഫോണിൽ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയിൽ ഉണ്ടായിരുന്നു .
കൂടത്തായി കൊലപാതകപരമ്പരയിലെ ഒന്നാം പ്രതി ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളൂരുവിലും ബി.എസ്.എന്‍.എൽ ജീവനക്കാരനായ ജോണ്‍സണെ കാണാൻ പോയിട്ടുണ്ടെന്നും പോലീസ് ടവര്‍ ഡംപ് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. ഷാജുവും ജോളിയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതിനാൽ ഷാജുവിനെ ഇല്ലായ്മ ചെയ്ത് ജോൺസനെ വിവാഹം കഴിക്കാൻ ആയിരുന്നു ജോളിയുടെ ശ്രമം. ഇതിനായി ജോൺസന്റെ ഭാര്യയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതായും ജോളി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

ജോളിയുടെയും ജോൺസന്റെയും കുടുംബങ്ങൾ തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഇവർ ഒന്നിച്ച് വിനോദയാത്രക്ക് പോകുക പതിവായിരുന്നു. ഇതിനിടെ വിഷം കലർന്ന ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും കഴിക്കാത്തതിനാൽ ആണ് ജോൺസന്റെ ഭാര്യ രക്ഷപ്പെട്ടതെന്നും ജോളിയുടെ മൊഴിയിൽ പറയുന്നു. എന്നാൽ കൊലപാതകത്തിൽ പങ്കോ അതിനെക്കുറിച്ച് അറിവോ ഉണ്ടായിരുന്നില്ലെന്നാണ് ജോൺസൺ നേരത്തെ പോലീസിനെ അറിയിച്ചത്. ആറ് മണിക്കൂറിൽ അധികമെടുത്താണ് ജോൺസന്റെ മൊഴി രേഖപ്പെടുത്തിയത്. ജോളിയുമായി ജോൺസൺ ഫോണിൽ ദീർഘ സംഭാഷണം നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
എന്നാൽ കൊലപാതകങ്ങളിലടക്കം ജോൺസന് ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇനി കൂടുതൽ അന്വേഷണത്തിലേക്ക് പോലീസ് നീങ്ങും. കോയമ്പത്തൂരിൽ പോയി തെളിവെടുക്കുന്നതടക്കം അന്വേഷണസംഘത്തിന്റെ പരിഗണനയിലുണ്ട്. തന്നെയും അപായപ്പെടുത്തുമോ എന്ന ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മൊഴികൾ ശരി വയ്ക്കുന്നതായി ജോളിയുടെ പുതിയ മൊഴി. ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന വിവരം പുറത്തു പറയാതിരുന്നതെന്നും ഷാജു നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു.
കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു വ്യക്തമാക്കിയിരുന്നു.ജോളി തന്റെയും സിലിയുടെയും മകനെയും കൊല്ലുമൊ എന്നും പേടിച്ചിരുന്നു…അതു കൊണ്ടാണ് അവനെ കൂടത്തായിയിലെ വീട്ടിൽ നിർത്താതിരുന്നത്. ജോളിയെ പേടിച്ച് താമരശേരിയിലെ സ്കൂളിൽ നിന്നും മകനെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ആണ് ഷാജു അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ ഭാര്യ ജോളിയെ തള്ളി ഷാജു രംഗത്തെത്തിയിരുന്നു.
വിവാഹം പോലും ജോളിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് നടന്നതാണെന്ന സംശയമാണ് ഉള്ളതെന്നും ആയിരുന്നു ഷാജുവിന്റെ വെളിപ്പെടുത്തൽ. ജോളിയുമായി പ്രണയത്തിലായിരുന്നില്ലെന്നും കുട്ടിയുടെ സംരക്ഷണം ഓർത്താണ് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചതെന്നും ഷാജു വിശദീകരിച്ചിരുന്നു.
കൂടത്തായ് കൊലപാതക പരന്പരയിലെ കൊലപാതകങ്ങള്‍ നടപ്പാക്കിയ രീതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് മറ്റ് 2 കൊലപാതകത്തിന് കൂടി പദ്ധതിയിട്ടിരുന്നതായുള്ള ജോളിയിടെ മൊഴിയും പുറത്തു വരുന്നത്.
