രഞ്ജി ട്രോഫി: പഞ്ചാബിനെതിരെ കേരളത്തിന് അവിശ്വസനീയ ജയം

  • Post category:news / sports
  • Reading time:1 min read
You are currently viewing രഞ്ജി ട്രോഫി: പഞ്ചാബിനെതിരെ കേരളത്തിന് അവിശ്വസനീയ ജയം

രഞ്ജി ട്രോഫിയില്‍ മൂന്ന് തുടര്‍ തോല്‍വികള്‍ക്ക് ശേഷം കരുത്തരായ പഞ്ചാബിനെതിരേ കേരളത്തിന് അവിശ്വസിനീയ ജയം. 21 റണ്‍സിനാണ് കേരളം വിജയം നേടിയത്. കേരളത്തിന് ആറ് പോയിന്റ്- ലഭിച്ചു.
ജയിക്കാന്‍ 146 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബ് രണ്ടാം ഇന്നിംഗ്‌സില്‍ 124 റണ്‍സിന് ഓള്‍ഔട്ടായി. ഏഴ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയുടെ തകര്‍പ്പന്‍ ബൗളിംഗാണ് സീസണിലെ ആദ്യ ജയത്തിന് കേരളത്തിന് വഴിയൊരുക്കിയത്.

സിജോമോന്‍ ജോസഫ് രണ്ടു വിക്കറ്റ് വീഴ്ത്തി. 23 റണ്‍സ് നേടിയ മായങ്ക് മാര്‍ക്കണ്ഡെയാണ് പഞ്ചാബ് നിരയിലെ ടോപ്പ് സ്‌കോറര്‍. നേരത്തെ കേരളത്തിന്‍റെ. രണ്ടാം ഇന്നിംഗ്‌സ് 136 റണ്‍സില്‍ അവസാനിച്ചിരുന്നു. 88/5 എന്ന നിലയിലാണ് മൂന്നാം ദിനം കേരളം ബാറ്റിംഗിനിറങ്ങിയത്. ഇന്ന് 48 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ കേരളത്തിന് ശേഷിച്ച അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. സ്‌കോര്‍ 108-ല്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (27) വീണതിന് ശേഷം സല്‍മാന്‍ നിസാറിന്‍റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.

ഒരുവശത്ത് വിക്കറ്റുകള്‍ വീണപ്പോഴും ക്ഷമയോടെ റണ്‍സ് കണ്ടെത്തിയ സല്‍മാന്‍ കേരളത്തിന്‍റെ ലീഡ് ഉയര്‍ത്തുകയായിരുന്നു. സല്‍മാന്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിംഗ്‌സില്‍ 91 റണ്‍സ് നേടി സല്‍മാന്‍ പുറത്താകാതെ നിന്നിരുന്നു. സല്‍മാനാണ് മാന്‍ ഓഫ് ദ മാച്ച്. സ്‌കോര്‍: കേരളം ഒന്നാം ഇന്നിംഗ്‌സ് 227, രണ്ടാം ഇന്നിംഗ്‌സ് 136. പഞ്ചാബ് ഒന്നാം ഇന്നിംഗ്‌സ് 218, രണ്ടാം ഇന്നിംഗ്‌സ് 124.

0Shares