തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. പ്രവര്‍ത്തകര്‍ പലേടത്തും വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരം ആര്യനാട് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. കൊച്ചി പാലാരിവട്ടത്ത് കെ.എസ്.ആര്‍.ടിസി ബസിന് നേരെ ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞു. തൃശ്ശൂരില്‍ വാഹനം തടഞ്ഞ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട്, വിതുര, വെള്ളനാട് എന്നിവിടങ്ങളിലും ബസുകള്‍ തടഞ്ഞു.പാലാരിവട്ടത്തും കെ.എസ്.ആര്‍.ടി.സി ബസിന് നേര്‍ക്ക് കല്ലേറുണ്ടായി. 
കോന്നിയിലും കോഴഞ്ചേരിയിലും കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായതിനാല്‍ പത്തനംതിട്ട ഡിപ്പോയില്‍നിന്നുള്ളസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൊല്ലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ചെര്‍ക്കള ടൗണില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടുറോഡില്‍ ടാങ്കര്‍ ലോറി തടഞ്ഞ് താക്കോല്‍ ഊരിക്കൊണ്ടു പോയി ഗതാഗതം തടസപ്പെടുത്തി. മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധം നിര്‍ത്തിയ ടാങ്കറില്‍ നിന്നും താക്കോല്‍ ഊരിയെടുത്ത് കൊണ്ടുപോവുകയുമായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലു യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാതൃഭൂമിയുടെ വാര്‍ത്താ സംഘത്തിനേയും ഹര്‍ത്താല്‍ അനുകൂലികള്‍ വെറുതെവിട്ടില്ല. കയ്യേറ്റ ശ്രമവും നടന്നു.
കാസര്‍കോട്ട് നേതാക്കളുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ സമാധാനപരമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.
അതേസമയം ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. ഹോട്ടലുകളടക്കം എല്ലാം കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിയും വ്യക്തമാക്കി. ഹര്‍ത്താലിനെ തുടര്‍ന്ന് കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല എന്നിവര്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
