യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ച്,കെട്ടിച്ചമച്ച പരാതിയുമായി സമീപിക്കരുത്: വനിതാ കമ്മീഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing യഥാര്‍ത്ഥ വസ്തുതകള്‍  മറച്ചുവച്ച്,കെട്ടിച്ചമച്ച പരാതിയുമായി സമീപിക്കരുത്: വനിതാ കമ്മീഷന്‍

കാസര്‍കോട്: വ്യാജ പരാതിയുമായി വനിതാ കമ്മീഷനെ സമീപിക്കരുതെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാലും ഇ.എം രാധയും പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ച്,കെട്ടിച്ചമച്ച പരാതിയുമായി വനിതാ കമ്മീഷനെ സമീപിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ല.

ബേഡകം സ്വദേശിനി പ്രദേശവാസികളായ ഒരു കൂട്ടം പേര്‍ തന്നെ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് വനിതാ കമ്മീഷനെ സമീപിച്ചു. എന്നാല്‍ അവര്‍ തന്നെ സമര്‍പ്പിച്ച വീഡിയോ ദൃശ്യം അടക്കമുള്ള വസ്തുതകള്‍ പരിശോധിച്ചപ്പോഴാണ് മനസിലായത്, അവരുടെതെന്ന് അവകാശപ്പെടുന്ന പറമ്പില്‍ സ്ഥാപിച്ചിട്ടുള്ള കൊടി മാറ്റുകയെന്നതാണ് അവരുടെ യഥാര്‍ത്ഥ ആവശ്യമെന്ന്. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വ്യാജ പരാതിയുമായി വനിതാ കമ്മീഷനെ സമീപിക്കുന്നതിലേക്ക് എത്തിച്ചത്.

കൊടിമാറ്റുന്നത് അടക്കമുള്ള പരാതികള്‍ പോലീസിനാണ് കൈമാറേണ്ടത്.സ്ത്രീകളെ ബാധിക്കുന്ന ഗാര്‍ഹികവും സാമൂഹ്യവും സാമ്പത്തികവും തൊഴില്‍പരവുമായ പരാതികള്‍ക്ക് പ്രമുഖ്യം കൊടുത്ത് കൊണ്ടാണ് വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്.എല്ലാ പ്രശ്‌നങ്ങളിലും വനിതാ കമ്മീഷന്‍ ഇടപെടണമെന്നമെന്ന പൊതുസമൂഹത്തിന്‍റെ സമീപനം ശരിയല്ലെന്ന് കമ്മീഷന്‍ പറഞ്ഞു

ജോലി തടസ്സപെടുത്തിയതിനും ആക്ഷേപിച്ചതിനും മഞ്ചേശ്വരം സി. എച്ച്. സിയിലെ വനിതാ മെഡിക്കല്‍ ഓഫീസര്‍ ഒരു ജനപ്രതിനിധിക്ക് എതിരെ വനിതാ കമ്മീഷനില്‍ ഫയല്‍ ചെയ്ത പരാതി കമ്മീഷന്‍ സ്വീകരിച്ചു. ഇത്തരം പരാതികളില്‍ എതിര്‍ കക്ഷികള്‍ എത്ര ഉന്നതരായാലും നടപടി ഉണ്ടാകുമെന്ന് കമ്മീഷന്‍ പറഞ്ഞു. വനിതാ മെഡിക്കല്‍ ഓഫീസര്‍ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതിനാല്‍ പോലീസിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഈ ജന പ്രതിനിധി നിരന്തരമായി തന്നെ അധിക്ഷേപിക്കുകയും മാനസികമായി തേജോവധം ചെയ്യുകയുമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ആരോപിച്ചു.

മഞ്ചേശ്വരം സി. എച്ച്. സിയിലെ താല്‍കാലിക സ്റ്റാഫ് നേഴ്‌സ് മറ്റൊരു ജനപ്രതിനിധിക്കെതിരെ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചു. ഉച്ചയ്ക്ക്‌ശേഷം അവധിയെടുത്ത തന്നെ,ജനപ്രതിനിധി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അവര്‍ പറഞ്ഞു. അടുത്ത അദാലത്തില്‍ എതിര്‍ കക്ഷിയെ വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

0Shares