മൃതദേഹത്തോടും ക്രൂരത; വീരമൃത്യു വരച്ച നാല് ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ പാകിസ്ഥാൻ സൈന്യം വികൃതമാക്കി

  • Post category:news
  • Reading time:1 min read
You are currently viewing മൃതദേഹത്തോടും ക്രൂരത; വീരമൃത്യു വരച്ച നാല് ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ പാകിസ്ഥാൻ സൈന്യം വികൃതമാക്കി

ശ്രീനഗർ: കശ്മീരിലെ രജൗറി ജില്ലയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയിലുണ്ടായ വെടിവയ്പില്‍ വീരമൃത്യു വരിച്ച നാല് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക്കിസ്താന്‍ സൈന്യം വികൃതമാക്കി. മേജര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികരാണ് പാക്കിസ്താന്റെ അതിര്‍ത്തി രക്ഷാസേനയുമായി ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മരിച്ചത്. നിയന്ത്രണരേഖയില്‍നിന്ന് 400 മീറ്ററോളം ഉള്ളിലേക്കു കയറിയ പാക്കിസ്ഥാന്‍ ഇന്ത്യന്‍ സേനയ്ക്കുനേരെ വെടിവയ്ക്കുകയായിരുന്നു.ശനിയാഴ്ച ഉച്ചയ്ക്കു 12.15 ഓടെയായിരുന്നു ആക്രമണം. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു. മേജര്‍ മൊഹര്‍കര്‍ പ്രഫുല്ല അമ്പദാസ് (മഹാരാഷ്ട്ര), ലാന്‍സ് നായിക് ഗുര്‍മെയില്‍ സിങ് , ലാന്‍സ് നായിക് കുല്‍ദീപ് സിങ് (ഇരുവരും പഞ്ചാബ്), സീപോയ് പ്രഗത് സിങ് (ഹരിയാന) എന്നിവരാണു കൊല്ലപ്പെട്ടത്. പരുക്കേറ്റ മറ്റു രണ്ടുപേര്‍ ആശുപത്രിയിലുണ്ട്.

ഇതേസമയം, പഞ്ചാബിലെ അഞ്ജന സെക്ടറില്‍ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ബി.എസ്.എഫ് വധിച്ചു.  പ്രകോപനമൊന്നുമില്ലാതെയായിരുന്നു രജൗറിയിലെ പാക്ക് വെടിനിര്‍ത്തല്‍ ലംഘനം. ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഈ സമയത്തു ജില്ലയിലുണ്ടായിരുന്നു.ഏപ്രിലിലും രണ്ടു സൈനികരെ നിയന്ത്രണരേഖയ്ക്കു സമീപം വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. പാക്ക് അതിര്‍ത്തി രക്ഷാസേന തന്നെയാണ് അന്നും ആക്രമണം അഴിച്ചുവിട്ടിരുന്നത്. ഇതിനുപിന്നാലെ പാക്കിസ്ഥാന്‍ ഔട്ട് പോസ്റ്റുകള്‍ക്കു നേരെ വ്യാപകആക്രമണം നടത്തുന്ന വീഡിയോ ഇന്ത്യ പുറത്തുവിടുകയും ചെയ്തിരുന്നു.

0Shares