മുസ്ലീംലീഗിന് പറ്റിയ വലിയ വീഴ്ച്ച; എം.എല്‍.എ.യും മന്ത്രിയുമുണ്ടായിട്ടും ചെയ്യാന്‍ സാധിക്കാത്ത ‘ഒരു വികസനം’…!

  • Post category:news
  • Reading time:2 mins read
You are currently viewing മുസ്ലീംലീഗിന് പറ്റിയ വലിയ വീഴ്ച്ച; എം.എല്‍.എ.യും മന്ത്രിയുമുണ്ടായിട്ടും ചെയ്യാന്‍ സാധിക്കാത്ത ‘ഒരു വികസനം’…!

കാസര്‍കോട്: ‘എന്റെ പിഴ..എന്റെ പിഴ..എന്റെ വലിയ പിഴ…’എന്ന ബൈബിള്‍ വാക്യത്തെ അനുസ്മരിപ്പിക്കുന്നതാണ് കാസര്‍കോട്ടെ മുസ്ലീംലീഗ് ബാവിക്കര പദ്ധതിയുടെ കാര്യത്തില്‍ അവലംബിക്കുന്ന നിലപാട്. കാസര്‍കോട് നഗരത്തിലും സമീപപഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യുന്ന ബാവിക്കര പദ്ധതി അക്ഷരാര്‍ത്ഥത്തില്‍ ഈ ജില്ലയുടെ നിത്യ ദുഃഖവും അപമാനവുമാണ്.! ജനങ്ങള്‍ക്ക് ഏറ്റവും ഉപകരിക്കേണ്ട ഈ ശുദ്ധജല പദ്ധതിയെ തകിടംമറിച്ചതിലൂടെ ബന്ധപ്പെട്ടവര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിട്ടുള്ളത്. നഗരത്തിലും പരിസര പഞ്ചായത്തുകളിലുമുള്ള അരലക്ഷത്തോളം ആളുകള്‍ക്ക് മുഖ്യാശ്രയമായ ശുദ്ധജലവിതരണ പദ്ധതി കാലാനുസൃതമായും ശാസ്ത്രീയമായും പരിഷ്‌കരിക്കുന്നതില്‍ കടുത്ത വീഴ്ച്ച വരുത്തിയവരെ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ചാട്ടവാര്‍ കൊണ്ട് അടിക്കേണ്ടതാണ്. ഈ പ്രശ്‌നത്തിലെ ഒന്നാം നമ്പര്‍ പ്രതി കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ ഏറ്റവും മുന്‍തൂക്കമുള്ള രാഷ്ട്രീയ കക്ഷിയായ മുസ്ലീം ലീഗാണ്. പതിറ്റാണ്ടുകളായി കാസര്‍കോട് നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത് മുസ്ലീംലീഗാണ്. മുന്‍ മന്ത്രിയും സംസ്ഥാനത്തെ സമുന്നത മുസ്ലീംലീഗ് നേതാവുമായ സി.ടി. അഹമ്മദലി വേണ്ടകാലത്ത് വിചാരിച്ചിരുന്നെങ്കില്‍ ബാവിക്കര സ്ഥിരം തടയണ എന്നേ യാഥാര്‍ഥ്യമായേനെ.! അദ്ദേഹം പ്രതിപക്ഷത്ത് ഇരുന്നപ്പോഴും ഭരണപക്ഷത്ത് ഇരുന്നപ്പോഴും തന്റെ നാട്ടിലെ പരമ പ്രധാനമായ ഈ പദ്ധതി നടപ്പിലാക്കാന്‍ ഗൗരവപൂര്‍വ്വം ഒന്നും ചെയ്തിരുന്നില്ലെന്നതാണ് പച്ച പരമാര്‍ത്ഥം. എന്നാല്‍ പല തവണ ജനങ്ങള്‍ മുറവിളി കൂട്ടിയപ്പോള്‍ അവരെ ആശ്വസിപ്പിക്കുന്നതിനായി അദ്ദേഹം പലവട്ടം ‘എല്ലാം ഞാന്‍ ശരിയാക്കും, ജനങ്ങള്‍ക്ക് മേലില്‍ ഉപ്പ് വെള്ളം കുടിക്കേണ്ടി വരില്ലാ’ എന്ന് ഉറപ്പ് നല്‍കുകയുണ്ടായി. സുദീര്‍ഘമായ കാലം ജനങ്ങളെ സേവിച്ച ശേഷം ആ മഹാനുഭാവന്‍ എം.എല്‍.എ. പദവിയില്‍ നിന്നും ശാശ്വതമായി വിരമിച്ചപ്പോഴും ‘വഞ്ചി തിരുനക്കരെ തന്നെ’ എന്നുപറഞ്ഞപോലെയാണ് കാര്യങ്ങളുടെ കിടപ്പ്.

ജനങ്ങളോടുള്ള പ്രതിബദ്ധതയും ഇച്ഛാശക്തിയും ഉണ്ടായിരുന്നെങ്കില്‍ കാസര്‍കോടന്‍ ജനത ‘നന്മയുടെ കാവലാള്‍’ എന്ന് വിശേഷിപ്പിക്കാറുള്ള സി.ടി. അഹമ്മദലിക്ക് ബാവിക്കര പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന എന്‍.എ. നെല്ലിക്കുന്നും ബാവിക്കര പദ്ധതി പ്രശ്‌നത്തില്‍ ഒട്ടും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല എന്നതാണ് വാസ്തവം. പ്രശ്‌നം ശ്രദ്ധയില്‍പെടുത്തുമ്പോഴും പ്രതിഷേധ സ്വരം ഉയരുമ്പോഴും ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന രീതിയില്‍ അപ്പ കഷണംകാട്ടി തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയാണ് അദ്ദേഹത്തിന്റെ പതിവ്. ചപ്പടാച്ചി വര്‍ത്തമാനങ്ങള്‍ക്ക് മുന്നില്‍ പാവം പൊതുജനം ക്ഷമയോടെ കാത്തിരിക്കുന്നു. അതേസമയം, മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന മുസ്ലീംലീഗ് എം.എല്‍.എ.യായ പി.ബി. അബ്ദുള്‍ റസാഖ് ആവട്ടെ തന്റെ മണ്ഡലത്തിലെ പുഴകളില്‍ ഉപ്പ് വെള്ളം കയറുന്നത് തടയാനും ഉപ്പില്ലാത്ത ശുദ്ധജലം വിതരണം ചെയ്യാനും പ്രത്യേകം ശുഷ്‌കാന്തിയാണ് കാട്ടിയത്. സമയബന്ധിതമായി തടയണകള്‍ നിര്‍മ്മിച്ച് ജനങ്ങളുടെ ആശങ്കയും ദുരിതവും ദൂരീകരിക്കുന്നതില്‍ അബ്ദുള്‍ റസാഖ് എം.എല്‍.എ. മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. മഞ്ചേശ്വരത്ത് സാധിക്കുന്ന കാര്യങ്ങള്‍ കാസര്‍കോട്ട് അപ്രായോഗികമാവുന്നത് എന്തുകൊണ്ടാണെന്ന് പാവം ജനത്തിന് പിടികിട്ടുന്നില്ല. അഴിമതിയുടെയും അവിശുദ്ധ കൂട്ട്‌കെട്ടിന്റെയും നേര്‍സാക്ഷ്യമായ ബാവിക്കര പദ്ധതിയുടെ കാര്യത്തില്‍ ‘സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന’ സ്വഭാവമാണ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.ക്കുള്ളതെന്ന് അണികള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ വൃന്ദവും കരാറുകാരും തമ്മിലുള്ള ഏറ്റവും മലീമസമായ ഒരു കൂട്ട്‌കെട്ടാണ് ബാവിക്കര പദ്ധതിയുടെ പിറകില്‍ എത്രയോ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത് എന്നുള്ള കാര്യം നാട്ടില്‍ പാട്ടാണ്. ഈ അവിശുദ്ധ കൂട്ട്‌കെട്ടിനെ അവഗണിക്കാനോ തിരസ്‌കരിക്കാനോ സ്ഥലം എം.എല്‍.എ. ക്ക് സാധിക്കുന്നില്ലായെന്നുള്ളതാണ് പരസ്യമായ രഹസ്യം. ജനങ്ങളുടെ ചിരകാല സ്വപ്‌നമായ ബാവിക്കര സ്ഥിരം തടയണ പദ്ധതി യാഥാര്‍ഥ്യമാകാതെ നീണ്ടുനീണ്ടു പോകുന്നതില്‍ മതിമറന്ന് ആഹ്ലാദിക്കുന്ന ‘ചില വിദ്വാന്‍മാരുണ്ട്’. വേനല്‍ക്കാലത്ത് ഉപ്പ് വെള്ളം കയറാതിരിക്കാന്‍ പ്ലാസ്റ്റിക്ക് ചാക്കുകൊണ്ടുള്ള തടയണ തീര്‍ക്കുന്നതിലൂടെ ലക്ഷോപലക്ഷം രൂപ അടിച്ചെടുക്കുന്ന കരാറുകാരെ സംബന്ധിച്ചിടത്തോളം ബാവിക്കര എന്നും ‘ഒരു പൊന്‍മുട്ടയിടുന്ന താറാവ്’ തന്നെയാണ്. കടലില്‍ കായം കലക്കുന്നത് പോലെ കാലാകാലങ്ങളിലായി ഇമ്മട്ടില്‍ താല്‍ക്കാലിക തടയണ നിര്‍മ്മിച്ച് പണം ഒഴുക്കി കളയുന്ന ഈ ദുഷ്പ്രവണതയ്‌ക്കെതിരെ നിലകൊള്ളാന്‍ എന്തുകൊണ്ട് നമ്മുടെ എം.എല്‍.എ. മടിക്കുന്നു..? ഹാ, കഷ്ടം.! എന്നല്ലാതെ എന്തുപറയാന്‍…?

0Shares