ബദിയടുക്ക: മുണ്ഡ്യത്തടുക്കയില്‍ വിദ്യാര്‍ഥി മരിക്കാനിടയായ സംഭവം മദ്യലഹരിയില്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിടിച്ചെന്ന് പോലിസ്. ബൈക്കില്‍ നിന്ന് മദ്യകുപ്പികളും പോലിസ് കണ്ടെടുത്തിട്ടുണ്ട്. മദ്യലഹരിയില്‍ വാഹനമോടിച്ച ഒരാള്‍ക്കെതിരേ ബദിയടുക്ക പോലിസ് കേസെടുത്തു. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെ പള്ളം ഗുണാജെ റോഡിലായിരുന്നു ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം നടന്നത്. മുണ്ഡ്യത്തടുക്ക വന്പത്തടുക്കയിലെ അബ്ബാസ് മുസ്ലിയാരുടെ മകന് മുഹമ്മദ് മിദ്ലാജാണ്(18) ദാരുണമായി മരണപ്പെട്ടത്.
ഗുണാജയില് വച്ച് നിയന്ത്രണം വിട്ട് വന്ന ബൈക്ക് മിദ്ലാജിന്റെ സ്കൂട്ടറിലിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പം സഞ്ചരിച്ചിരുന്ന അവനാഷിനെ ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എതിര് ബൈക്കിലെ യാത്രക്കാരായ മുണ്ട്യത്തടുക്ക അരിയപ്പാടിയിലെ അന്‍പേഷ് എന്ന പുട്ടു(24), സഹോദരന് ജിജേഷ് എന്ന മുദ്ദു(18) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ നിന്ന് 58 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത മദ്യം കണ്ടെത്തിയിട്ടുണ്ട്. അപകടത്തിനിടയാക്കിയ ബൈക്കില്‍ കണ്ടെത്തിയ മദ്യം പൊലീസ് കസ്റ്റഡിയിലെടുത്തു. അഡ്യനടുക്ക ഭാഗത്ത് നിന്ന് ചെന്നഗുളിക്ക് സമീപം ചിമാറില്‍ വില്‍പ്പന നടത്താനാണ് മദ്യം കൊണ്ടുപോയതെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസര്‍കോട്ടെ കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയായിരുന്ന മിദ്ലാജ് ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് അപകടത്തില്‍പെട്ടത്.
മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയില്‍ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി. ഉച്ചയ്ക്ക് ശേഷം മൃതദേഹം ഖബറടക്കും. റുഖിയയാണ് മാതാവ്. സഹോദരങ്ങള്‍: അമീര്‍, ഹമീദ്, അര്‍ഷാദ്, കബീര്‍, ഫാറൂഖ്, ഹസീന, ഫര്‍സാന, ഫൈറൂസ.
മുണ്ഡ്യത്തടുക്കയില്‍ വിദ്യാര്‍ഥി മരിക്കാനിടയായ സംഭവം; മദ്യലഹരിയില്‍ നിയന്ത്രണം വിട്ട് വന്ന ബൈക്കിടിച്ച്