
കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.ഡി.പി.ഐ. മുസ്ലിം സമുദായത്തിന്റെ സംരക്ഷകര്‍ താനാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുസ്ലിം സമുദായം പിണറായി വിജയന്റെ കെണിയില്‍ വീണുവെന്നുമാണ് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് പറഞ്ഞത്.
പൗരത്വ സമരത്തില്‍ തീവ്രവാദ സ്വഭാവമുള്ള എസ്.ഡി.പി.ഐയെപ്പോലുള്ളവര് നുഴഞ്ഞുകയറുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവനയ്ക്കെതിരെയാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എസ്.ഡി.പി.ഐ രംഗത്ത് എത്തിയത്. ശബരിമല വിഷയത്തില്‍ നവോത്ഥാന നായകനാവാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഇവിടെ ന്യൂനപക്ഷങ്ങളുടെ സംരക്ഷകന്‍ താന്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അബ്ദുള്‍ ഹമീദ് പറഞ്ഞു.

പൗരത്വ വിഷയത്തില്‍ അക്രമസമരം നടത്തി അറസ്റ്റ് ചെയ്യപ്പെട്ട ഏതെങ്കിലും എസ്.ഡി.പി.ഐക്കാരനെ കാണിച്ചുതരാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം തിട്ടൂരം പുറപ്പെടുവിച്ച് എസ്.ഡി.പി.ഐയെ സമരമുഖത്തുനിന്ന് മാറ്റിനിര്‍ത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണെന്നും മുഖ്യമന്ത്രി അമിത് ഷാ ആവാന്‍ ശ്രമിക്കുകയാണെന്നും അബ്ദുള്‍ ഹമീദ് ആരോപിച്ചു.
മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണം. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത്. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇപ്രകാരം പ്രസ്താവന നടത്തിയത്.
