മുഖ്യമന്ത്രി ചികിത്സക്കായി നാളെ അമേരിക്കയിലേക്ക്; പകരം ചുമതല ആര്‍ക്കും കൈമാറിയില്ല; മന്ത്രിസഭാ യോഗത്തിലെ അധ്യക്ഷസ്ഥാനവും മേല്‍നോട്ടവും ഇ.പി.ജയരാജന്

  • Post category:news
  • Reading time:2 mins read
You are currently viewing മുഖ്യമന്ത്രി ചികിത്സക്കായി നാളെ അമേരിക്കയിലേക്ക്; പകരം ചുമതല ആര്‍ക്കും കൈമാറിയില്ല; മന്ത്രിസഭാ യോഗത്തിലെ അധ്യക്ഷസ്ഥാനവും മേല്‍നോട്ടവും ഇ.പി.ജയരാജന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി നാളെ അമേരിക്കയിലേക്ക് പോകും. മൂന്നാഴ്ച്ചത്തെ ചികിത്സക്കായാണ് മുഖ്യമന്ത്രി യുഎസിലേക്ക് യാത്ര തിരിക്കുന്നത്. പകരം ചുമതല ആര്‍ക്കും നല്‍കാതെയാണ് പോകുന്നതെന്നാണ് സൂചന. ചുമതല ഇ.പി. ജയരാജന്് നല്‍കുമെന്നായിരുന്നു നേരത്തെ വിലയിരുത്തലുണ്ടായത്. എന്നാല്‍, മുഖ്യമന്ത്രിയുടെ സമ്പൂര്‍ണ ചുമതല ഇ.പിക്ക് നല്‍കിയിട്ടില്ലെന്നാണ് വിവരം. യാത്രയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി ശനിയാഴ്ച ഗവര്‍ണറെ കണ്ടിരുന്നു. യാത്രസംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിക്കാനായിരുന്നു ഇത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പ്രളയബാധിതരുടെ പുനരധിവാസത്തിനുമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. അടുത്തയാഴ്ച മന്ത്രിസഭായോഗം ചേരുമ്പോള്‍ അധ്യക്ഷത വഹിക്കാന്‍ മന്ത്രി ഇ.പി.ജയരാജനെ ചുമതലപ്പെടുത്തിയേക്കും. അമേരിക്കയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയും ഭരണകാര്യങ്ങള്‍ ഇടപെടാന്‍ സാധിക്കും. ചികിത്സയിലായിരിക്കുമെങ്കിലും ഇഫയല്‍ സംവിധാനം ഉപയോഗപ്പെടുത്തി ഫയലുകള്‍ മുഖ്യമന്ത്രിതന്നെ തീര്‍പ്പാക്കാനാണ് ആലോചിക്കുന്നത്. സെപ്റ്റംബര്‍ 17ന് മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞു മടങ്ങിയെത്തും. ദുരിതാശ്വാസഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ അതത് ജില്ലകളില്‍ ആയിരിക്കുമെന്നതിനാല്‍ 11നു തുടങ്ങുന്ന ആഴ്ചയില്‍ മന്ത്രിസഭായോഗം ചേരാനിടയില്ല. നേരത്തെ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കു നല്‍കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറിയിരുന്നു. ‘അതൊക്കെ ഭരണപരമായ കാര്യമല്ലേ…നിങ്ങളോട് ഇപ്പോള്‍ പറയേണ്ട കാര്യമുണ്ടോ…’ എന്നായിരുന്നു മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹത്തിന്റെ പ്രതികരണം. 19ന് അമേരിക്കയില്‍ പോകാനായിരുന്നു നേരത്തെ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം യാത്ര മാറ്റിവെക്കുകയായിരുന്നു. അതേസമയം കേരളത്തില്‍ മികച്ച ആശുപത്രികള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി അമേരിക്കയില്‍ എന്തിന് ചികിത്സക്ക് പോകുന്നു എന്ന ചോദ്യവും ഒരു വശത്ത് ഉയര്‍ന്നിരുന്നു. പ്രളയം വിഴുങ്ങിയ കേരളം തിരിച്ചുവരാനുള്ള ഓട്ടത്തിലാണ്. അതിനിടെയുള്ള മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര അനസവരത്തിലുള്ളതാണെന്നാണ് ഉയരുന്ന വാദം. സി.പി.ഐ.എം നേതാക്കള്‍ക്ക് പോലും മുഖ്യമന്ത്രിയുടെ രോഗത്തെ കുറിച്ച് അറിയില്ല. അത്രയും രഹസ്യമായാണ് രോഗ വിവരം സൂക്ഷിക്കുന്നത്. ഇതുമൂലം പലവിധ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും വിധേയനാകുക. ന്യൂറോളജി, കാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സക്ക് പ്രശസ്തമാണ് മയോ ക്ലിനിക്. താന്‍ ചികിത്സയ്ക്കു പോകുകയാണെന്ന കാര്യം ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം അറിയിച്ചു. ചികിത്സയുടെ പൂര്‍ണചെലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. കഴിഞ്ഞ ജൂലൈ 18 വരെ 13 ദിവസം മുഖ്യമന്ത്രി യുഎസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്നും അദ്ദേഹം മയോ ക്ലിനികില്‍ എത്തിയതായാണ് വിവരം. കഴിഞ്ഞ മാര്‍ച്ച് മൂന്നിനു മുഖ്യമന്ത്രി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. എന്നാല്‍ അതു പതിവായുള്ള മെഡിക്കല്‍ പരിശോധന മാത്രമാണെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്.

 

0Shares