മുഖച്ഛായ മാറാനൊരുങ്ങി കാസര്‍കോട്; ട്രാഫിക്ക് കുറക്കാന്‍ ടി റോഡ് പദ്ധതി

  • Post category:news
  • Reading time:1 min read
You are currently viewing മുഖച്ഛായ മാറാനൊരുങ്ങി കാസര്‍കോട്; ട്രാഫിക്ക് കുറക്കാന്‍ ടി റോഡ് പദ്ധതി

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ പരിസരത്ത് പൂന്തോട്ടം നിര്‍മ്മിച്ച് കൂടുതല്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കുമെന്നും അതോടെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍റെ മുഖച്ഛായ തന്നെ മാറുമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു. കാസര്‍കോട് താലൂക്ക് വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തളങ്കര പള്ളി മുതല്‍ കറന്തക്കാട് വരെയുള്ള റോഡ് വികസിപ്പിക്കുകയും ട്രാഫിക്ക് കുറക്കാന്‍ പ്രസ് ക്ലബ് ജംഗ്ഷന്‍ മുതല്‍ റെയിലെ സ്റ്റേഷന്‍ വരെയും കറന്തക്കാട് വരെയും പുതിയ ടി റോഡ് പദ്ധതി കൊണ്ടുവരും. ഈ പദ്ധതി പ്രകാരം പഴയ ബസ്റ്റാന്റ് പരിസരം മുതല്‍ റെയില്‍വേ, കറന്തക്കാട് ഭാഗങ്ങളിലേക്കുള്ള റോഡും നവീകരിക്കും. ഇതോടെ ഇന്റര്‍ലോക്ക് ചെയ്ത റോഡുകളും, ടൈല്‍ പതിച്ച് കൈവരിയോടുകൂടിയ നടപ്പാതയും നഗരത്തിന്‍റെ മുഖച്ഛായ മാറ്റും. കൂടാതെ വിവിധ ബസ് സ്റ്റോപ്പുകളില്‍ വൈഫൈ സംവിധാനവും നടപ്പിലാക്കും.

പതിനെട്ട് സര്‍ക്കാര്‍ ഓഫീസുകള്‍ പുലിക്കുന്നില്‍ പുതിയതായി പണികഴിപ്പിക്കുന്ന ഓഫീസ് കോപ്ലക്സിലേക്ക് മാറും. നിലവില്‍ ഒരു മ്യൂസിയം പോലും ഇല്ലാത്ത ജില്ലയില്‍ കാസര്‍കോട് താലൂക്ക് ഓഫീസ് പൈതൃക മ്യൂസിയമായി മാറും. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പന്ത്രണ്ട് കോടി രൂപ ചിലവില്‍ കോളിയടുക്കത്ത് വലിയ ഗ്രൗണ്ട് നിര്‍മ്മിച്ച് ജില്ലാ സ്റ്റേഡിയം നിര്‍മ്മിക്കും. നായന്മാര്‍ മൂലയില്‍ ജില്ലയിലെ ആദ്യത്തെ ടെന്നീസ് കോര്‍ട്ട് നിര്‍മ്മിക്കും.

200 എസ്.സി, എസ്.ടി കുട്ടികള്‍ക്ക് താമസിച്ച് പി.എസ്.സി കോച്ചിങ് നടത്താനുള്ള സൗകര്യം പരിഗണനയിലാണ്. 2.8 കോടി രൂപ ചിലവില്‍ സദ്ഭാവന മന്ദിരം നിര്‍മ്മിക്കും. 25 വയസിന് താഴെയുള്ള മൊബൈല്‍ ഫോണ്‍, മയക്കു മരുന്ന് എന്നിവയ്ക്ക് അടിമയായ കുട്ടികള്‍ക്ക് നേരായ വഴി കാണിക്കാന്‍ ആവശ്യമായ പദ്ധതി തുടങ്ങി ഒരുപാട് ബൃഹദ് പദ്ധതികളാണ് ജില്ലയില്‍ ഒരുങ്ങുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

0Shares