കൊളമ്പോ: മുഖം കഴുകാനായി വെള്ളമെടുക്കാന്‍ തടാകത്തിലേക്ക് കൈനീട്ടിയിരുന്ന പത്രപ്രവര്‍ത്തകനെ മുതല കടിച്ചുവലിച്ചു കൊണ്ടുപോയി. ശ്രീലങ്കയില്‍ സര്‍ഫിങ് ഹോളിഡേയ്ക്ക് പോയ ബ്രിട്ടണിലെ ഫിനാന്‍ഷ്യല്‍ ടൈംസ് ലേഖകന്‍ പോള്‍ മാക്ലീനെ(24) യാണ് മുതല പിടിച്ചത്. ഈസ്റ്റ് ശ്രീലങ്കയിലെ അറുഗാം ബേയ്ക്ക് സമീപത്തുള്ള ബ്രിട്ടീഷുകാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സര്‍ഫിങ് ഏരിയായ എലിഫന്റ് റോക്കിലാണ് അപകടം സംഭവിച്ചത്. ശ്രീലങ്ക പോലിസാണ് മൃതദേഹം പിന്നീട് കണ്ടെത്തിയത്. പോള്‍ ഇവിടെ വച്ച് സര്‍ഫിങ് പരിശീലിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പോളിനെ വെള്ളത്തിലേക്ക് മുതല വലിച്ചിഴച്ച് കൊണ്ടു പോകുന്നത് കണ്ടിരുന്നുവെന്നാണ് സമീപത്തുണ്ടായിരുന്ന മീന്‍പിടിത്തക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. സംഭവത്തെ തുടര്‍ന്ന് ഉടന്‍ പൊലീസിനെ വിളിച്ച് വരുത്തിയിരുന്നുവെങ്കിലും നദിയില്‍ ഏറെ വെള്ളമുള്ളതിനാലും ആഴമുള്ളതിനാലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
മുഖം കഴുകാനായി പോള്‍ ലഗൂണിലെ വെള്ളത്തില്‍ കൈ ഇട്ടതിനെ തുടര്‍ന്നായിരുന്നു വെള്ളത്തിനടിയില്‍ നിന്നും മുതല കുതിച്ചെത്തി ഈ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനെ കടിച്ചെടുത്തുകൊണ്ടു പോയതെന്നാണ് റിപ്പോര്‍ട്ട്. വെള്ളത്തിനടിയിലേക്ക് അപ്രത്യക്ഷനാകുന്നതിന് മുമ്പ് പോള്‍ തന്നെ രക്ഷിക്കുന്നതിനായി കൈകള്‍ വീശിയിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. പൊതുവെ മുതലകള്‍ മനുഷ്യരെ കടിച്ചെടുത്തുകൊണ്ടു പോയാല്‍ മൃതദേഹം ചെളിയില്‍ ഒളിപ്പിച്ച് വെയ്ക്കാറാണ് പതിവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എലിഫെന്റ് റോക്ക് സാധാരണ സര്‍ഫിംഗിന് സുരക്ഷിതമായ മേഖലയാണ്. ഇതാദ്യമായിട്ടാണ് ഇത്തരമൊരു സംഭവം ഇവിടെ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പോള്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഫ്രഞ്ചില്‍ ഫസ്റ്റ് ക്ലാസ് ഡിഗ്രി നേടിയ വ്യക്തിയാണ്. 2015 സെപ്റ്റംബറിലാണ് ഫിനാന്‍ഷ്യല്‍ ടൈംസില്‍ ജോലി ചെയ്യാനാരംഭിച്ചത്. കുറച്ച് നാള് മുമ്പ് വരെ ബ്രസല്‍സിലായിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ നിന്നും പത്രത്തിന് വേണ്ടി ബ്രെക്സിറ്റ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ഇദ്ദേഹം. സറെയിലെ തെയിംസ് ഡിട്ടനില് സഹോദരനും മാതാപിതാക്കള്‍ക്കുമൊപ്പമായിരുന്നു പോള്‍ താമസിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് പോള്‍ ശ്രീലങ്കയിലെത്തിയത്.