
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിൽ തിരിമറി നടന്നു എന്ന ആരോപണം ശക്തമായി നിലനിൽക്കെ വോട്ടിംഗ് മെഷീനിൽ തിരിമറി എളിപ്പമാണെന്ന് മുൻ ഐ. എ. എസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥിന്റെ വെളിപ്പെടുത്തൽ. രാജ്യത്തെ തിരഞ്ഞെടുപ്പ് മെഷിനുകളിൽ വിവി പാറ്റ് സംവിധാനം ഉൾപ്പെടുത്തിയതോടെ വോട്ടിംഗ് തിരിമറി എളുപ്പമായെന്ന് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചു.

നേരത്തെ ബാലറ്റ് യൂണിറ്റ് കൺട്രോൾ യൂണിറ്റുമായി നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നത്. പക്ഷെ അവയിപ്പോൾ വിവിപാറ്റിലൂടെയാണ് കണക്ട് ചെയ്യുന്നത്. അതിനർത്ഥം നിങ്ങൾ ബാലറ്റ് യൂണിറ്റിൽ അമർത്തുന്ന വോട്ട് നേരിട്ട് അല്ല കൺട്രോൾ യൂണിറ്റിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത് എന്നാണ്. വിവിപാറ്റാണ് കൺട്രോൾ യൂണിറ്റുമായി ആശയവിനിമയം നടത്തുന്നതെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കണ്ണൻ ഗോപിനാഥന്റെ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.
വളരെ ചെറിയ സംവിധാനമുള്ള വിവിപാറ്റ് ഒരു മെമ്മറിയും പ്രിന്റർ യൂണിറ്റും മാത്രമുള്ള ലളിതമായ പ്രൊസസറാണ്. പ്രൊസസറും പ്രോഗ്രാം ചെയ്യാവുന്ന മെമ്മറിയുമുള്ള എന്തും ഹാക്ക് ചെയ്യാനാകുമെന്ന് കണ്ണൻ ഗോപിനാഥൻ പറയുന്നു. ഇതിൽ ഏതെങ്കിലും മാൽവെയർ ഡൗൺലോഡ് ചെയ്താൽ ഈ സിസ്റ്റം മുഴുവൻ തകിടം മറിയും. ഇങ്ങനെ വിവിപാറ്റിലൂടെ വോട്ടിംഗ് പ്രക്രിയയിൽ മുഴുവൻ തിരിമറി നടത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
