
പാലക്കാട് ജില്ലയിലെ ഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവം ഭരണകൂട ഭീകരതയാണെന്ന് മഞ്ചക്കണ്ടിയിൽ സന്ദർശനം നടത്തിയ സി.പി.ഐ പ്രതിനിധി സംഘം വ്യക്തമാക്കി.

മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തേണ്ടിയിരുന്നില്ലെന്നും നടന്നത് വ്യാജ ഏറ്റമുട്ടൽ തന്നെയാണെന്ന സംശയം ബലപ്പെട്ടെന്നും പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും സംസ്ഥാന നിർവാഹക സമിതി അംഗം പി.പ്രസാദും പറഞ്ഞു.ഏറ്റുമുട്ടൽ വ്യാജമാണ് എന്നാണ് പ്രാദേശികമായി അന്വേഷിച്ചപ്പോൾ വിവരം ലഭിച്ചതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ആശയത്തിന്റെ പേരുപറഞ്ഞ് കൊല്ലുന്നതും പോലീസ് തന്നെ വിധി നടപ്പാക്കുന്നതും വളരെ പ്രാകൃതമായ രീതിയാണെന്ന് പറഞ്ഞ കാനം വിഷയത്തിൽ മജസ്റ്റീരിയൽ അന്വേഷണം നടത്തണമെന്നും കാനം ആവശ്യപ്പെട്ടിരുന്നു.
