കോഴിക്കോട്: ജി.എസ്.ടി, നോട്ടുനിരോധനം തുടങ്ങിയ വിഷയങ്ങള്‍ സംസ്ഥാനത്തെ മാധ്യമ മേഖലയെയും സാരമായി ബാധിച്ചു. പലസ്ഥാപനങ്ങളിലും കൃത്യസമയത്ത് ശമ്പളം കിട്ടാത്ത അവസ്ഥയിലായി. ജയ്ഹിന്ദ്, ജീവന് ടി.വി, റിപോര്‍ട്ടര്‍ ടി.വി, മംഗളം തുടങ്ങിയ ടി.വി മാധ്യമ സ്ഥാപനങ്ങളില്‍ മാസങ്ങളുടെ ശമ്പള കുടിശികയുണ്ടെന്നാണ് റിപോര്‍ട്ടര്‍മാര്‍ പറയുന്നത്. സുപ്രഭാതം, വീക്ഷണം, തേജസ്, കേരള കൗമുദി തുടങ്ങിയ പത്ര സ്ഥാപനങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്. പലരും തൊഴില്‍ രാജിവച്ച് മറ്റുമേഖലകളിലേക്ക് മാറാന്‍ തുടങ്ങിക്കഴിഞ്ഞു. മാസങ്ങളായി ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് മാധ്യമം പത്രത്തിലെ ജീവനക്കാര്‍ സമരത്തിന്റെ പാതയിലാണ്. ജി.എസ്.ടി, നോട്ടുനിരോധനം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്നതിനെതിരെയാണ് മാധ്യമത്തിലെ ജേണലിസ്റ്റ് യൂണിയനും എംപ്ലോയീസ് യൂണിയനും പ്രതിഷേധവുമായി മുന്നോട്ടുവന്നിരിക്കുന്നത്. മാനേജ്മെന്റും യൂണിയന് പ്രതിനിധികളും പലതവണ വിഷയം ചര്‍ച്ച ചെയ്തെങ്കിലും പരിഹാരമാവാത്ത സാഹചര്യത്തില്‍ യൂണിറ്റ് തലത്തില്‍ കണ്‍വന്‍ഷനുകള്‍ വിളിച്ചുകൂട്ടി അഭിപ്രായ ആരാഞ്ഞശേഷം പ്രത്യക്ഷ പ്രതിഷേധം അടക്കമുള്ള നടപടികളിലേക്കു നീങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇരു യൂണിയനുകളും. വിഷയം ഉയര്‍ത്തിക്കാട്ടി ചെയര്മാന് അടക്കമുള്ളവരുമായി ഇരു യൂണിയന് പ്രതിനിധികളും പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. ടാഗ് ബഹിഷ്കരണം അടക്കമുള്ള സമ്മര്‍ദ്ദങ്ങള്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി മാനേജ്മെന്റ് ശമ്പളവിതരണം നീട്ടിക്കൊണ്ടുപോവുന്നത് തുടരുകയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ജി.എസ്.ടി, നോട്ടുനിരോധനം തുടങ്ങിയ സാമ്പത്തിക പരിഷ്കാരങ്ങളും ഗള്‍ഫിലെ സ്വദേശിവത്കരണവും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രസന്ധിയാണ് ശമ്പളം വൈകുന്നതിന് കാരണമെന്നാണ് മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍ക്ക് മാനേജ്മെന്റ് നല്കുന്ന മറുപടി. ചില മാധ്യമസ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശമ്പളം വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ ഭാരവാഹികളും പുറയുന്നുണ്ട്. പക്ഷെ ഇത് സംബന്ധിച്ച് ആരും രേഖാമൂലം പരാതി സംസ്ഥാന കമ്മിറ്റിയ്ക്ക് നല്‍കിയിട്ടില്ല. മലപ്പുറം സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച വന്നിരുന്നു. അടുത്തിടെ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും സമാനമായ ആരോപണങ്ങളുമായി ജീവനക്കാര്‍ രംഗത്തുവന്നിരുന്നു. മൂന്നുമാസത്തിലേറെയായി ശമ്പളം ലഭിക്കാത്തതിനാല്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും കടംവാങ്ങേണ്ട അവസ്ഥയാണെന്ന് വെളിപ്പെടുത്തി ചാനലിലെ ജീവനക്കാരി സോഷ്യല്‍ മീഡിയയില്‍ ഇട്ട കുറിപ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
മാധ്യമ മേഖലകളില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുന്നു: പല സ്ഥാപനങ്ങളിലും മാസങ്ങളായി ശമ്പളം വൈകുന്നത് ജി.എസ്.ടിയും നോട്ടുനിരോധനവും മൂലമെന്ന് മാനേജ്മെന്റ്