മലയോരത്തെ ആരോഗ്യമേഖലയ്ക്ക് പനത്തടിയുടെ കയ്യൊപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing മലയോരത്തെ ആരോഗ്യമേഖലയ്ക്ക് പനത്തടിയുടെ കയ്യൊപ്പ്

കാസർകോട്: ആരോഗ്യ മേഖലയില്‍ ക്രിയാത്മകമായ ചുവട്‌വെപ്പിലൂടെ മലയോര ഗ്രാമപഞ്ചായത്തുകള്‍ക്ക് മാതൃകയാവുകയാണ് പനത്തടി ഗ്രാമപഞ്ചായത്ത്. കര്‍ണ്ണാടക യോട് അതിര്‍ത്തി പങ്കിടുന്ന പനത്തടി പഞ്ചായത്തിലെ ആരോഗ്യമേഖല ദിനംപ്രതി മാറ്റത്തിന്‍റെ പാതയിലാണ്.

പനത്തടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടം, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മികച്ച ഫാര്‍മസി, പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ്,ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവ ആരോഗ്യമേഖലയ്ക്ക് മുതല്‍ക്കൂട്ടാണ്. പനത്തടി ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍ ലാണ്. ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെയാണ് ഫാര്‍മസിക്കും ഫിസിയോ തെറാപ്പി യൂണിറ്റിനും ഇവിടെ പ്രത്യേകം സൗകര്യം ഒരുക്കുന്നത്.

ആശുപത്രി കെട്ടിടത്തിന്‍റെ ഉദ്ഘടനം കഴിയുന്നതോടെ ഇത് ആര്‍ദ്രം മിഷന്‍റെ ഭാഗമാകും. അതോടെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് കൂടുംബാരോഗ്യ കേന്ദ്രമായി ഇത് ഉയര്‍ത്തും. കൂടാതെ ആറു മണി വരെയുള്ള ഒ പി, മികച്ച ലബോറട്ടറി സംവിധാനം, ഫിസിയോ തെറാപ്പി യൂണിറ്റ് എന്നിവയും പുതിയ കെട്ടിടത്തില്‍ ഉണ്ടാകും. കിടത്തി ചികിത്സക്കുള്ള സൗകര്യവുമുണ്ടാകും. ആശുപത്രി കെട്ടിടത്തിനായി എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്‍റെ മൂന്നര കോടിക്ക് പുറമെ ആര്‍ദ്രം പദ്ധതിയില്‍ 15 ലക്ഷം രൂപയും പഞ്ചായത്തിന്‍റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപയുമാണ് വകയിരുത്തിയത്.

പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ ആശുപത്രിയിലെത്തുന്ന ഒരാള്‍ക്കും ടെസ്റ്റിനോ മരുന്നിനോ പുറത്തു പോകേണ്ട സാഹചര്യം ഉണ്ടാകില്ല. ഏപ്രിലോടെ കെട്ടിടത്തിന്‍റെ ഉദ്ഘടനം നടത്താമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മലയോര മേഖലയില്‍ കര്‍ണ്ണാടകയോട് ചേര്‍ന്നുള്ള ഈ പ്രദേശത്ത് മികച്ച ചികിത്സയാണ് ഈ പ്രാഥമികാരോഗ്യ കേന്ദ്രം നിലവില്‍ നല്‍കി വരുന്നത്. അടുത്ത പ്രദേശമായ കര്‍ണ്ണാടകയിലെ കരിക്കൈ പഞ്ചായത്തില്‍ നിന്നടക്കം ഒരു വര്‍ഷം 60000 ത്തിലധികം രോഗികളാണ് ഇവിടെ ചികിത്സക്കെത്തുന്നത്.

കുടിയേറ്റ ജനതയും പട്ടിക വര്‍ഗവിഭാഗങ്ങളും കൂടുതലായുള്ള പനത്തടി എന്‍ഡാസള്‍ഫാന്‍ ദുരിത ബാധിത പ്രദേശം കൂടിയാണ്. ആരോഗ്യമേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് പഞ്ചായത്ത് വാര്‍ഷിക പദ്ധതികളില്‍ മുന്‍തൂക്കം നല്‍കിയതെന്നും അതിനനുസരിച്ചുള്ള കൃത്യമായ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നതെന്നും പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. ജി മോഹനന്‍ പറഞ്ഞു.

0Shares