കൊച്ചി: നല്ല തിരക്കഥ ഒത്തുവന്നാല്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകന്മാരാക്കി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായിക അഞ്ജലി മേനോന്. ‘കൂടെ’ റിലീസ് നാളില്‍ ഒരു തെന്നിന്ത്യന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ ആഗ്രഹം അറിയിച്ചത്. നല്ല നടന്മാരായതിന് ശേഷമാണ് മോഹന്‍ലാലും മമ്മൂട്ടിയും സൂപ്പര്‍ താരങ്ങള്‍ ആയതെന്നും അത് മറക്കരുതെന്നും അഞ്ജലി പറഞ്ഞു. ‘അവരെവെച്ച് സിനിമ ചെയ്യുന്നത് വലിയ ഉത്തരവാദിത്തമായിരിക്കും. അത്തരത്തിലുള്ളൊരു തിരക്കഥ ഇതുവരെ ഒത്തുവന്നിട്ടില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഏത് വേഷവും ചെയ്യാന്‍ തയ്യാറുമാണ്. അവരില്‍ നിന്ന് ഇനിയും ഒരുപാട് പ്രതീക്ഷിക്കാം. മമ്മൂട്ടി പൊന്തന്മാടയും വിധേയനും ഒരേ വര്‍ഷമാണ് ചെയ്തത്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണത്. അതുപോലെ മോഹന്‍ലാല്‍ സാര്‍ ഒരേ സമയം കച്ചവട സിനിമകളിലും ആര്‍ട്ട് സിനിമകളിലും അഭിനയിക്കുന്നു. ഇത് എളുപ്പമുള്ള കാര്യമല്ല’- അഞ്ജലി മോനോന് പറഞ്ഞു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവ് തൊഴിലിടങ്ങളില്‍ സുരക്ഷ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണെന്ന് അഞ്ജലി പറയുന്നു.
അതില്‍ ആണ്-പെണ് ഭേദമില്ല. എല്ലാവര്ക്കും ഒരുപോലെ അവസരങ്ങള്‍ ലഭിക്കണം. ഞാന്‍ സ്വപ്നം കാണുന്നത് അതുപോലെയുള്ള ഒരു മാറ്റത്തിന് വേണ്ടിയാണ്. സ്ത്രീകള്‍ ജോലി ചെയ്യുന്നിടത്ത് അടിസ്ഥാനമായ ചില സൗകര്യങ്ങള്‍ ഒരുക്കേണ്ടി വരും. ചില നിയമങ്ങള്‍ പാലിക്കേണ്ടതായിട്ടും വരും. അതിന് വേണ്ടി സ്ത്രീകള്‍ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ മാറ്റാരാണ് സംസാരിക്കാനുള്ളതെന്നും അഞ്ജലി ചോദിക്കുന്നു. വുമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംബന്ധിച്ച് മാറ്റങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന ഒരു സംഘടനയാണ്.
‘മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്’: അഞ്ജലി മേനോന്