മദ്രസ അധ്യാപകന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയോ?

  • Post category:news
  • Reading time:1 min read
You are currently viewing മദ്രസ അധ്യാപകന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയോ?

കാസര്‍കോട്: കാസര്‍കോട്ടെ മദ്രസ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ അന്വേഷണ സംഘം ഒത്തുകളിക്കുന്നുവെന്നാരോപിച്ച് മുസ്ലീം സംഘടനകള്‍ രംഗത്ത്. മലപ്പുറത്തെ യാസിര്‍ വധക്കേസും ഫൈസല്‍ വധക്കേസും ദുര്‍ബലപ്പെടുത്തിയപോലെ റിയാസ് വധക്കേസിലും പോലീസിന്റെ ഒത്തുകളിയുണ്ടെന്നാണ് ആരോപണം. കൊലപാതകത്തിലൂടെ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ചില തത്പര കക്ഷികള്‍ ശ്രമിച്ചു എന്ന ആരോപണം ഉയര്‍ന്നു വന്നെങ്കിലും ഈ പ്രദേശത്ത് നടന്ന ചില അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് ചിലരോട് ഉണ്ടായിരുന്ന വൈരാഗ്യം തീര്‍ക്കുകയായിരുന്നു എന്നാണ് പോലീസിന്റെ ഭാഷ്യം. റിയാസിനെ കൊല ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതികള്‍ മദ്യപിച്ച് പ്രദേശവാസികളുമായി വഴക്കുണ്ടാക്കിയെന്നും പറയപ്പെടുന്നു. അതുമായി ബന്ധപ്പെട്ട് ചിലരോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് കൊല നടത്തിയതെന്നും കൊലയ്ക്ക് മുമ്പ് പ്രതികള്‍ മൂവരും നന്നായി മദ്യപിച്ചിരുന്നെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പ്രതികളുടെ ശിക്ഷകുറയ്ക്കാന്‍ സഹായകമാകുമെന്നാണ് മുസ്ലീം സംഘടനകളുടെ വാദം.

കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്നുപേരും ബി.ജെ.പി പ്രവര്‍ത്തകരാണ് എന്നാണ് അറിയുന്നത്. അവര്‍ ഒന്നിച്ച് നടത്തിയ കൊലപാതകം ആസൂത്രിതമല്ലെന്നും മദ്യപിച്ച് മദോന്മത്തരായി പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലാതെ നടത്തിയതാണെന്ന റിപ്പോര്‍ട്ടിനെയാണ് മുസ്ലീം സംഘടനകള്‍ എതിര്‍ക്കുന്നത്. പ്രത്യേക ഉദ്ദേശ്യമില്ലാതെ നടത്തിയ കൊലയാണിതെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്. വര്‍ഗീയ കലാപം ലക്ഷ്യം വച്ച് നടത്തിയ കൊലയുടെ ആസൂത്രണം ചെയ്തവരെയും ഗൂഢാലോചനയില്‍ പങ്കാളികളായവരെയും രക്ഷപ്പെടുത്താനാണ് പോലീസ് ഈ വാദം ഉന്നയിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ‘മദ്യം’ എന്ന പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഊന്നിപ്പറഞ്ഞത് പ്രതികള്‍ക്ക് ശിക്ഷ ഇളവ് ലഭിക്കാന്‍ സഹായകമാകുമെന്നാണ് ഇവര്‍ ചൂണ്ടികാട്ടുന്നത്. വര്‍ഗീയ വിദ്വേഷമാണ് കൊലയ്ക്ക് പിന്നിലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ ആദ്യം പറഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയ സാഹഹര്യത്തില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ കുറ്റം ചുമത്താത്തത് പോലീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്നു. ഇത് ഒത്തുകളിയാണെന്നാണ് മുസ്ലീം ലീഗ്, വെല്‍ഫെയര്‍പാര്‍ട്ടി, എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകള്‍ പറയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി പോലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. രാത്രി കാലങ്ങളില്‍ ബൈക്ക് യാത്ര നിരോധിച്ചിട്ടുണ്ട്. കൂടാതെ പോലീസ് പട്രോളിങും ചെക്കിങും വര്‍ധിപ്പിച്ചിരിക്കുകയാണ്.

0Shares