കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകന് റിയാസ് മൗലവിയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തിന്റെ വിശദാംശങ്ങള്‍ താമസിയാതെ വെളിപ്പെടും. കൊലയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നത് പോലീസ് വൃത്തങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കൊലപാതകത്തിന് രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ നിറം നല്കി മുതലെടുപ്പ് നടത്താന്‍ പല കോണുകളില്‍ നിന്നും നടക്കുന്ന ശ്രമങ്ങളെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. പ്രതികളെ കാലതാമസമില്ലാതെ പിടികൂടാന്‍ സാധിച്ചത് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി. ഡോ.എസ്. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ മിടുക്ക് കൊണ്ടാണ്. വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമേ കൊലയുടെ യഥാര്‍ത്ഥ കാരണം വെളിപ്പെടുകയുള്ളൂ. പ്രതികള്‍ക്ക് പിന്നീട് രക്ഷപ്പെടാന്‍ ആവാത്ത വിധം നീതിയുടെയും നിയമത്തിന്റെയും പിന്‍ബലത്തോടെ സമഗ്രവും വസ്തു നിഷ്ഠവുമായ അന്വേഷണ റിപ്പോര്‍ട്ടാണ് വിദഗ്ധരായ പോലീസ് സംഘം തയ്യാറാക്കുന്നത്.

അറസ്റ്റ് ചെയ്യപ്പെട്ട അപ്പു എന്ന അജേഷ്(19), നിതിന്‍ റാവു(19), അഖിലേഷ്(19) എന്നിവരുടെ പൂര്‍വ്വകാല ചരിത്രം പോലീസ് അന്വേഷിച്ചു കഴിഞ്ഞു. മയക്കുമരുന്നിനും ലഹരി പദാര്‍ത്ഥങ്ങള്‍ക്കും അടിമകളായ ഇവര്‍ മൂന്ന് പേരും ദേശീയ പാതയോരത്തെ താളിപ്പടപ്പ് മൈതാനിയില്‍ വച്ചാണ് കൊല ആസൂത്രണം ചെയ്തതെന്ന് വെളിവായി. സംഭവ ദിവസം രാത്രി മൂവരും മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്തതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. യാതൊരു തരത്തിലുള്ള സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്തവരും അക്രമ വാസന ഉള്ളവരുമായ ഈ മൂവരും മൃഗീയമായ മാനസീകാവസ്ഥയിലാണ് മദ്രസ അധ്യാപകനെ നിഷ്ഠുരമായി കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ സാക്ഷ്യം. എന്തായാലും കൊലയിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം പുറത്തു വരുന്നതോടെ ഈ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയ്ക്ക് അന്ത്യമാകും. എ.ഡി.ജി.പിയും ഐ.ജിയും ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര് കാസര്‍കോട്ടെ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നുണ്ട്. കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ക്രമസമാധാന നില കാത്തു സൂക്ഷിക്കാന്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രത പാലിക്കുന്നുണ്ട്. നിരോധനാജ്ഞയെ പൊതുജനങ്ങളും ഗൗരവ പൂര്‍വ്വം ഉള്‍ക്കൊണ്ടിട്ടുണ്ട്.