കാസര്‍കോട്: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസ് പിന്‍വലിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. കേസ് എത്രയും വേഗം തീര്‍പ്പായി കാണാനാണ് ബി.ജെ.പിക്ക് ആഗ്രഹമെന്നും എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് കേസിന്റെ നടപടികള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസ് പിന്‍വലിക്കുമോയെന്ന് സുരേന്ദ്രനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മഞ്ചേശ്വരം എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിലെ പി.ബി അബ്ദുള്‍ റസാഖ് മരണപ്പെട്ട പശ്ചാത്തലത്തിലാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് അബ്ദുള്‍ റസാഖ് വിജയിച്ചത്. മരിച്ചുപോയവരെയും വിദേശത്തുള്ളവരെയും പേരില്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകും എന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പില്‍ 291 കള്ള വോട്ടുകള്‍ നടന്നെന്നാണ് സുരേന്ദ്രന് ഹര്‍ജിയില്‍ പറയുന്നത്. ഇനി 67 പേരെയാണ് കേസില്‍ വിസ്തരിക്കാനുള്ളത്. അബ്ദുള്‍ റസാഖിന്റെ മരണത്തോടെ ആറുമാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്നതില്‍ നിര്‍ണായകമാണ് ഹര്‍ജി.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസ് പിന്‍വലിക്കില്ലെന്ന് കെ.സുരേന്ദ്രന്;എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് കേസിൻ്റെ നടപടികള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നു