
പൗരത്വ ഭേദഗതി ബില്ലിനെതിരേ മംഗളൂരുവിൽ കർഫ്യൂ ലംഘിച്ച് പ്രതിഷേധിച്ചതിന് കസ്റ്റഡിയിലായ ബിനോയ് വിശ്വം എം.പിയെ കർണാടക പോലീസ് മോചിപ്പിച്ചു. മംഗളൂരുവിൽ നിന്നും കർണാടക പോലീസിന്റെ വാഹനത്തിൽ കേരള അതിർത്തിയിൽ എത്തിച്ച ശേഷം അദ്ദേഹത്തെ മഞ്ചേശ്വരം പോലീസിന് കൈമാറുകയായിരുന്നു.
ഇന്ത്യയെ പാക്കിസ്ഥാന്റെ പതിപ്പാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും പോലീസ് തേർവാഴ്ചയാണ് മംഗളൂരുവിൽ അരങ്ങേറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മാധ്യമപ്രവർത്തകരെ ജോലി ചെയ്യുന്നതിനിടെ കസ്റ്റഡിയിലെടുത്ത നടപടി ശരിയായില്ലെന്നും പ്രതിഷേധങ്ങൾ തുടരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കർഫ്യൂ ലംഘിച്ച് ലാൽബാഗിലാണ് സി.പി.ഐയുടെ നേതൃത്വത്തിൽ രാവിലെ ബിനോയ് വിശ്വവും സംഘവും പ്രതിഷേധം സംഘടിപ്പിച്ചത്.
സി.പി.ഐ കർണാടക സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷും പ്രതിഷേധത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചിരുന്നു. പ്രതിഷേധത്തിന് വിലക്കുണ്ടായിരുന്നതിനാൽ പോലീസ് നേതാക്കൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
