ഉത്തര്‍പ്രദേശ്: ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സക്ക് പണമില്ലാത്തതിനാല്‍ ഭര്‍ത്താവ് നാല് വയസുള്ള കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. അര്‍വിന്ദ് ബഞ്ചാര എന്നയാളുടെ ഏഴ്മാസം ഗര്‍ഭിണിയായ ഭാര്യ സുഖ്ദേവിയെ ഗര്‍ഭ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രക്തം സംഘടിപ്പിക്കാനും മരുന്നുകള്‍ വാങ്ങാനും പണമില്ലാതെ വന്നതോടെയാണ് ഇയാള്‍ 25,000 രൂപയ്ക്ക് കുട്ടിയെ വില്ക്കാന് ശ്രമിച്ചത്. സംഭവം അറിഞ്ഞെത്തിയ ഉത്തര്‍പ്രദേശ് പൊലീസ് ഇയാളെ തടഞ്ഞു. ബന്ജാരയുടെ ഭാര്യയുടെ ചികിത്സാ ചെലവുകള്‍ തങ്ങള്‍ ഏറ്റെടുക്കുന്നതായും പൊലീസ് വ്യക്തമാക്കി.
നാല് വയസുള്ള കുഞ്ഞിന് പുറമെ ഒരു വയസുള്ള മറ്റൊരു കുഞ്ഞും ഇവര്‍ക്കുണ്ട്. അടിയന്തരമായി രക്തം എത്തിച്ചില്ലെങ്കില്‍ തന്റെ ഭാര്യ മരിച്ചുപോകുമെന്ന് ആശുപത്രി ജീവനക്കാര്‍ തന്നോട് പറഞ്ഞെന്നും വഴിയില്ലാതെ വന്നപ്പോഴാണ് കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചതെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടി ഒരാള്‍ സ്വന്തം മകളെ വില്ക്കാന് ശ്രമിക്കുന്നുവെന്നത് തങ്ങളെ ഞെട്ടിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥനായ അമോദ് കുമാര്‍ സിങ് പറഞ്ഞു.
ഭാര്യക്ക് വേണ്ടി കുഞ്ഞിനെ വില്ക്കാന് ഭര്‍ത്താവ് നിര്‍ബന്ധിതനായി; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ